ബന്ധുക്കൾ ഓട്ടോറിക്ഷയിലെത്തിച്ചു ദേശീയപാതയോരത്ത് ഉപേക്ഷിച്ച എഴുപത്തിയഞ്ചുകാരൻ വിശന്നു തളർന്നു റോഡരികിൽ കിടന്നതു മണിക്കൂറുകളോളം. അവശനിലയിലായിരുന്ന അദ്ദേഹത്തെ ഒടുവിൽ പോലീസും നാട്ടുകാരും ചേർന്നു ജില്ലാ ആശുപത്രിയിലെത്തിച്ചു. തമിഴ്നാട് സ്വദേശി ശെൽവനാണു സുമനസ്സുകളുടെ കാരുണ്യത്തിൽ ജീവൻ തിരികെ കിട്ടിയത്. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയിലെത്തിയ ഒരു സംഘം ശെൽവനെ വാളയാർ ഡാം റോഡിനു സമീപം ദേശീയപാതയോരത്ത് ഉപേക്ഷിച്ച ശേഷം കടന്നത്. ഓട്ടോറിക്ഷയിൽ ഒരു സ്ത്രീയും മറ്റു 2 പേരുമുണ്ടായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഇവർ ദേശീയപാതയോരത്ത് ഓട്ടോറിക്ഷ നിർത്തിയ ശേഷം ശെൽവനെ ഇറക്കി വിട്ടു. അൽപനേരം സംസാരിച്ചു നിന്ന ശേഷം പെട്ടെന്ന് ഓട്ടോറിക്ഷ മുന്നോട്ടു പാഞ്ഞു പോയെന്നാണു പറയുന്നത്. കുറച്ചു ദൂരം ഓട്ടോറിക്ഷയ്ക്കു പിന്നാലെ നിലവിളിച്ചു കൊണ്ടു ശെൽവൻ ഓടി നോക്കിയെങ്കിലും നിർത്തിയില്ല. പിന്നീടു പാതയോരത്തെ ആൾസഞ്ചാരം കുറഞ്ഞ ഭാഗത്ത് ഇദ്ദേഹം ഇരുന്നു.വൈകിട്ടോടെ വിശന്നു തളർന്ന് അവശനിലയിൽ റോഡരികിൽ വീഴുകയായിരുന്നു. വെള്ളവും ഭക്ഷണവും നൽകി വിവരങ്ങൾ ചോദിച്ചപ്പോഴാണു സ്വന്തം പേരും, മക്കളും ബന്ധുക്കളും ഉപേക്ഷിച്ചു പോയ വിവരവും ഇദ്ദേഹം പറഞ്ഞത്. ഓർമക്കുറവുള്ളതിനാൽ മേൽവിലാസവും മറ്റു വിവരങ്ങളും വ്യക്തമല്ല. ബന്ധുക്കൾക്കായി അന്വേഷണം നടത്തുമെന്നു വാളയാർ പൊലീസ് അറിയിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം ഇദ്ദേഹത്തെ അഭയകേന്ദ്രത്തിലേക്കു മാറ്റാനാണു തീരുമാനം.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/Czx8OC7TayrFS8LiEfbAXW