

ഒരുതരിപോലും മണ്ണില്ലാത്ത പാറപ്പുറം ഹരിതാഭമാക്കുകയാണു കണക്കൻതുരുത്തി പാറ റോഡിലെ കണ്ണനായ്ക്കല്‍ ആന്‍റണി.
മുകളില്‍ ആകാശവും താഴെ സിമന്‍റുതറപോലെയുള്ള പാറപ്പുറങ്ങള്‍ നിരന്ന ആറേക്കർ സ്ഥലം.
വെയിലടിച്ചാല്‍ ചുട്ടുപൊള്ളുന്ന പ്രദേശം. എന്നാല്‍ എഴുപത്തിരണ്ടുകാരനായ ആന്‍റണിയും ഭാര്യ പുഷ്പവും ചേർന്ന് വറച്ചട്ടി പോലെ കിടന്നിരുന്ന പ്രദേശത്ത് ഇപ്പോള്‍ പച്ചപ്പിന്‍റെ ദൃശ്യവിരുന്നൊരുക്കിയിരിക്കുകയാണ്. ഡ്രാഗണ്‍ഫ്രൂട്ട് കൃഷിയിലൂടെയായിരുന്നു തുടക്കം.
ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ ഏഴ് തണ്ടുകളാണ് ആദ്യം പരീക്ഷണകൃഷിയായി ചെയ്തത്. ഇവ എട്ടുമാസം പ്രായമാകുമ്ബോഴേക്കും വളർന്നുവലുതായി വള്ളികളില്‍ പൂവിട്ട് പഴങ്ങളുണ്ടായി. ഉള്ളുചുവപ്പും നല്ല തൂക്കവും മധുരവുമുള്ള ഒന്നാംതരം പഴങ്ങള്‍. ആന്‍റണിയുടെകൃഷിക്കമ്ബംകണ്ട് വടക്കഞ്ചേരി കൃഷിഓഫീസർ ജ്യോതി ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ 110 തണ്ടുകള്‍ സൗജന്യമായി നല്‍കി.
അതെല്ലാം കരുത്തോടെ വളരുന്നുണ്ട്. ഡ്രാഗണ്‍ഫ്രൂട്ട് പ്രദേശത്തിനുപറ്റിയ വിളയാണെന്നറിഞ്ഞതോടെ കുന്നിൻപുറത്ത് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി വ്യാപിപ്പിച്ചിരിക്കുകയാണ്.
100 കോണ്‍ക്രീറ്റ് പോസ്റ്റുകള്‍ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. ഒരുപോസ്റ്റിനുചുറ്റും നാലുതണ്ട് വീതമാണ് നട്ടിട്ടുള്ളത്.
കോഴിവളമാണു കൂടുതലും ഉപയോഗിക്കുന്നത്. റിംഗുകളും കോണ്‍ക്രീറ്റ് പോസ്റ്റുകളുമെല്ലാം സ്വന്തമായി തന്നെയാണ് പൊതുമരാമത്തു വകുപ്പിലെ കരാറുകാരനായിരുന്ന ആന്‍റണിയുണ്ടാക്കുന്നത്.
അടുക്കളയിലേയും ബാത്റൂമുകളിലെയും വേസ്റ്റ് വെള്ളം ടാങ്കില്‍ സംഭരിച്ച് അതുവഴിയാണ് നനയും വളപ്രയോഗവുമെല്ലാം.
15 സെന്‍റ് സ്ഥലത്ത് കഞ്ഞിപ്പുല്ല് (കോറ) കൃഷിയുണ്ട്. കടകളിലെ പാക്കറ്റുകളില്‍ മാത്രം കണ്ടിട്ടുള്ള കോറ പാറപ്പുറത്ത് വിളവെടുപ്പിനു പാകമായി നില്‍ക്കുന്നത് കാണാനും ചന്തമേറെയുണ്ട്.
ചോളം കൃഷിയാണ് മറ്റൊരു കൗതുകവിള. ആറടിയോളം ഉയരത്തില്‍ വീടിനു ചുറ്റും ചോളം വിളഞ്ഞുനില്‍ക്കുന്നു. പച്ചക്കറികള്‍, വാഴകള്‍, കപ്പ, കശുമാവ് തുടങ്ങിയ കൃഷികളുമുണ്ട്. മണ്ണിട്ട് ഉയർത്തി പാറപ്പുറത്ത് നെല്‍കൃഷി പരീക്ഷണവുമുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx

