
വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെയുള്ള ഭാഗത്തെ നിർമ്മാണത്തിലെ അപാകത പരിഹരിക്കുന്നതിന് വേണ്ടി കെ. രാധകൃഷ്ണൻ എം.പി യുടെ നേതൃത്വത്തിൽ അധികൃതരുമായി ചർച്ച നടത്തി.
ദേശീയപാതയിൽ വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെയുള്ള ഭാഗങ്ങളിൽ സർവ്വീസ് റോഡ് നിർമ്മാണം പൂർത്തീകരിക്കുക, പന്തലാംപാടത്തിന് സമീപം മേരിഗിരിയിൽ അടിപ്പാത നിർമ്മിക്കുക, ദേശീയപാതയോരത്തെ അഴുക്കുചാലുകളുടെ നിർമ്മാണത്തിലെ അപാകത പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പന്തലാംപാടം ജനകീയസമിതി പ്രവർത്തകർ നിവേദനം സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. ജനകീയ സമിതി പ്രവർത്തകർ ഉന്നയിച്ച പ്രദേശങ്ങളിൽ നേരിട്ട് സന്ദർശനം നടത്തിയതിന് ശേഷമായിരുന്നു യോഗം. സമരസമിതി പ്രവർത്തകർ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഹരിക്കാമെന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടർ യോഗത്തിൽ ഉറപ്പ് നല്കുകയും .നിലവിൽ വാണിയമ്പാറയിൽ അടിപ്പാത നിർമ്മാണം ആരംഭിച്ച സാഹചര്യത്തിൽ മേരിഗിരിയിൽ കൂടി അടിപ്പാത നിർമ്മിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകും.സർവീസ് റോഡിൻ്റെ നിർമ്മാണവും പൂർത്തീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ശങ്കരംകണ്ണംതോട്, പന്തലാംപാടം തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥലത്തിൻ്റെ ലഭ്യത കുറവും ദേശീയപാത അതോരിറ്റി അധികൃതർ യോഗത്തിൽ ഉന്നയിച്ചു.വടക്കഞ്ചേരി ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പി പി സുമോദ് എം എൽ എ, ജില്ലാ കലക്ടർ എസ് ചിത്ര, ഡെപ്യൂട്ടി കലക്ടർ കെ എ റോബിൻ, ദേശീയപാത പ്രൊജക്ട് ഡയറക്ടർ അൻസിൽഹസൻ, ആലത്തൂർ തഹസിൽദാർ കെ ശരവണൻ, ഭൂരേഖാതഹസിൽദാർ ആർ മുരളി മോഹൻ, വടക്കഞ്ചേരി സി ഐ കെ പി ബെന്നി, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ലിസ്സി സുരേഷ്, കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡൻ്റ് എം സുമതി, ടി കണ്ണൻ, സി കെ നാരായണൻ, പന്തലാംപാടം ജനകീയവേദി ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr
