
അടുക്കളയിൽ വിരിഞ്ഞ വസന്തം ; കുട്ടികളുടെ ശാസ്ത്രമേളയോടൊപ്പം നൂര്‍ജഹാൻ ഉമ്മ
സ്കൂളിലെ പാചകപ്പുരയിൽ അടുപ്പിന്റെ ചൂടിലും, പാത്രങ്ങളുടെ ഇടയിലും,
പാകമാക്കി വിതരണം ചെയ്യുന്ന ഭക്ഷണത്തിലും മാത്രം ഒതുങ്ങിക്കൂടിയിരുന്ന നൂര്‍ജഹാൻ ഉമ്മ കൊറോണ കാലമായപ്പോൾ തികച്ചും ഒറ്റപ്പെട്ടുപോയി. സ്കൂളും, കുട്ടികളും, ഒച്ചപ്പാടും ഇല്ലാത്ത ലോകം, ഉമ്മയെ ഏറെ അസ്വസ്ഥമാക്കി. കൊറോണ തൻ്റെ ജീവൻ്റെ ജീവനായ സ്കൂളിനെയും, പാചകപ്പുരയെയും , നിശ്ചലമാക്കിയപ്പോൾ
അരിയും , കിറ്റും വിതരണം ചെയ്ത് പകൽ പാഴാക്കുന്നതായി തോന്നി ഉമ്മയ്ക്ക്.
നിത്യേന, നിരന്തരം അധ്വാനിച്ചിരുന്ന ഉമ്മ,
പതുക്കെ മക്കളുടെയും പേരക്കുട്ടികളുടെയും മൊബൈലുകളിൽ ശ്രദ്ധിക്കാൻ തുടങ്ങി.
അതിലെ യൂട്യൂബിൽ പാചക വൈവിധ്യങ്ങൾ, ഖുർആൻ പാരായണങ്ങൾ എന്നിവ കേട്ടു തുടങ്ങി. ഇതിനിടയിൽ അവിചാരിതമായി ഒരു ദിവസം, പേപ്പർ കൊണ്ടും പാഴ് വസ്തുക്കൾ കൊണ്ടും കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്ന വീഡിയോ കാണാനിടയായി.കയ്യിൽ കിട്ടിയ / വീട്ടിൽ ലഭ്യമായ, പാഴ് വസ്തുക്കളെ പൂച്ചെണ്ടുകളും പൂച്ചെടികളുമായി മാറ്റാനുള്ള ശ്രമം ആരംഭിച്ചു. ആദ്യമൊക്കെ ഒരുപാട് സമയം എടുത്തു, എന്നുമാത്രമല്ല വിചാരിച്ചപോലെ ഭംഗിയായതുമില്ല.
പക്ഷേ തന്റെ കുട്ടിക്കാലത്ത് പരിശീലിച്ച ഇത്തരം നൈപുണികൾ കൂട്ടിചേർത്ത്, മാറ്റം വരുത്തി സ്വതസിദ്ധമായി നിർമ്മിച്ചപ്പോഴാണ് മനസ്സിലായത്, വീഡിയോയിൽ കണ്ടതിനേക്കാൾ മികച്ചതായി ഉണ്ടാക്കാൻ തനിക്ക് കഴിയുമെന്ന്. അങ്ങനെ നിരന്തരമായ ശ്രമവും തന്റേതായ നൈസർഗികതയും ഒരു മികച്ച കലാകാരിയായി ഉമ്മയെ മാറ്റി.
പഴയ രണ്ട് സാരികൾ ഉപയോഗിച്ച്, പിരിച്ചെടുത്ത് ചവിട്ടി നിർമ്മിച്ചപ്പോൾ അത് ശരിക്കും വിപണനമൂല്യമുള്ള ചവിട്ടിയായി മാറി.
താൻ ഉണ്ടാക്കിയ ഇത്തരം വസ്തുക്കൾ തൻ്റെ സ്കൂളിലെ തന്നെ അധ്യാപകർക്ക് സ്നേഹ സമ്മാനമായി നൽകിയാണ് ഉമ്മ തിരശ്ശീലയ്ക്ക് ഇപ്പുറം വരുന്നത്. സ്നേഹസമ്മാനം കിട്ടിയവർ ഉമ്മയെ പ്രോത്സാഹിപ്പിച്ചു.
കൊറോണ കഴിഞ്ഞ് വീണ്ടും സ്കൂളിലെ പാചകപ്പുര സജീവമായപ്പോൾ,
പാഴ് വസ്തുക്കൾ പെറുക്കിയെടുത്തു കൊണ്ടുപോയും, പഴയ സാരികൾ ശേഖരിച്ചും, തൻ്റെ നൈപുണി വർദ്ധിപ്പിക്കാൻ ഉമ്മ പ്രത്യേക സമയം കണ്ടെത്തി. സഹായിയായ ജമീലയോടൊപ്പം, ഉമ്മ കാലത്ത് ആറുമണിക്ക് സ്കൂളിൽ എത്തും. ഏകദേശം 900 പേർക്ക് ഉച്ചഭക്ഷണം ഒരുക്കും. പാലും , മുട്ടയും എല്ലാം നൽകി, പാത്രങ്ങൾ കഴുകി വെച്ച്, അടുക്കള ഒതുക്കി പോകുമ്പോൾ മിക്കവാറും നാലഞ്ച് മണിയാവും. വൈകിട്ട് അല്പം വിശ്രമവും, നിസ്കാരവും കഴിഞ്ഞ്, വീട്ടിലെ കാര്യങ്ങൾ നോക്കി, രാത്രിയിലാണ് ഉമ്മയുടെ ഈ കരകൗശല വിദ്യയുടെ ആരംഭം.
കുടുംബാംഗങ്ങൾ ഉറങ്ങിയാലും തീരില്ല.
ചിലപ്പോൾ വെളുക്കുവോളം നീളുമത് !
ഉമ്മയുടെ ഈ കരവിരുത് സ്കൂളിലെ അസംബ്ലിയിൽ പലതവണ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
എങ്കിലും, കുട്ടികളുടെ ശാസ്ത്രമേളയോടൊപ്പം ഒരു സ്റ്റാൾ ഉമ്മയ്ക്കും ഒരുക്കാം
എന്നത് ഉച്ചഭക്ഷണ ചുമതലയുള്ള റാഷിദ് മാസ്റ്ററുടെ ആഗ്രഹപ്രകാരം ആ സ്റ്റാൾ യാഥാർത്ഥ്യമായത്. സംസ്ഥാന പ്രവർത്തി പരിചയമേളയിൽ പാഴ് വസ്തുക്കളിൽ നിന്ന് കരകൗശല ഉൽപ്പന്നം എന്ന ഇനത്തിൽ
ഒരു മത്സരാർത്ഥി നിന്നു. പി.ടി.എ പ്രസിഡൻ്റും ക്ലാസ് പി.ടി.എ ക്ക് വന്ന രക്ഷാകർത്താക്കളും, സ്കൂൾ അധികൃതരും , അധ്യാപക- അനധ്യാപകരും, കുട്ടികളും
ഉമ്മയെ അഭിനന്ദിച്ചു. എ.എസ്. എം. എം ഹയർ സെക്കൻഡറി സ്കൂളിന്റെ മാനേജരുടെ തന്നെ, ഉടമസ്ഥതയിലുള്ള ആപ്പിൾ ഫോട്ടോ ബീഡി കമ്പനിയിലെ ബീഡി തൊഴിലാളിയായിരുന്ന പരേതനായ അബ്ദുൾ സുക്കൂർ ആണ് ഉമ്മയുടെ ഭർത്താവ് .
നാലു മക്കൾ:- സൈബുന്നിസ , പ്യാരി ജാൻ , നൗഷാദ്, ബൈക്ക് അപകടത്തിൽ മരണപ്പെട്ട മൻസൂർ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HTU5rPnaMWG9YncrKipPRr
