മാലിന്യ മുക്ത നവകേരളം;  സർക്കാരിന്റെ യജ്ഞത്തില്‍  കക്ഷി, രാഷ്ട്രീയ,പ്രായ ഭേദമന്യെയുള്ള പങ്കാളിത്തം- മന്ത്രി എം.ബി രാജേഷ്

Share this News

സംസ്ഥാനത്തെ മാലിന്യ മുക്തമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ യജ്ഞത്തില്‍ കക്ഷി ജാതി മത രാഷ്ട്രീയ  പ്രായ ഭേദമന്യെയുള്ള പങ്കാളിത്വമാണുള്ളതെന്ന് തദ്ദേശ സ്വയം ഭരണ, എക്സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഒക്ടോബർ രണ്ടു മുതൽ മാർച്ച് 30 വരെയുള്ള  കാലയളവിൽ കേരളത്തെ പൂർണ്ണമായും മാലിന്യമുക്തമാക്കാനുള്ള ജനകീയ യജ്ഞത്തിനാണ് സർക്കാർ നേതൃത്വം കൊടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ‘മാലിന്യ മുക്തം നവകേരളം’ ജനകീയ ക്യാംപയിന്റെ ഭാഗമായി തൃത്താല മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പങ്കാളികളാക്കികൊണ്ട് നടപ്പിലാക്കുന്ന ഹരിത വിദ്യാലയം, ഹരിത ഭവനം, ഹരിത നഗരം  മെഗാ ക്യാംപയിന്റെ ഉദ്ഘാടനം കൂറ്റനാട് സെന്ററില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ ദിവസവും പൊതുഇടങ്ങളിലും മറ്റുമായി വലിയ തോതിലാണ് മാലിന്യം കുന്നുകൂടുന്നത്. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ സാമൂഹ്യവിരുദ്ധരായി കണക്കാക്കി കൈകാര്യം ചെയ്യണം. പൊതു ഇടങ്ങള്‍ വൃത്തികേടാക്കിയാൽ ഹരിത കർമ്മ സേന വൃത്തിയാക്കുമെന്ന് കരുതുന്നവരുണ്ട്. നിയമം കർശനമാക്കിയതിനാലും, ഫൈനും കേസും വരുമെന്നതിനാലും  പരസ്യമായി ഇപ്പോൾ ആരും പുകവലിക്കാറില്ല. ഇത്തരത്തിൽ മാലിന്യ പ്രശ്നത്തിലും  നിയമ ഭേദഗതിയുണ്ട്. 10000 രൂപ വരെ ഫൈൻ വരാം. ഇവിടെ ക്യാമറ വെക്കാൻ തീരുമാനമുണ്ട്. ക്യാമറ നോക്കി ആളെ കണ്ടെത്തി ഫൈൻ ഈടാക്കുക. അങ്ങനെ പ്രശ്നം പരിഹരിക്കാമെന്നും മന്ത്രി കൂട്ടി ചേർത്തു.
ചടങ്ങില്‍ നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. നവകേരള മിഷൻ ജില്ല കോ ഓര്‍ഡിനേറ്റർ സെയ്തലവി, ബി.പി.സി പ്രസാദ് മാസ്റ്റർ, രാജൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
തൃത്താല നിയോജക മണ്ഡലത്തിലെ കൂറ്റനാട് ടൗൺ, പടിഞ്ഞാറങ്ങാടി, കുമ്പിടി, മേഴത്തൂർ, കൊടിക്കുന്ന്, കുമരനെല്ലൂർ ടൗൺ, ചാലിശ്ശേരി, കറുകപുത്തൂർ, പെരിങ്ങോട്, കൂട്ടുപാത, വെള്ളിയാങ്കല്ല്, ആറങ്ങോട്ടുകര, തൃത്താല സെന്റർ എന്നിവിടങ്ങളിലായി നടന്ന മെഗാശുചീകരണത്തില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഹരിതകർമ്മ സേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ, വ്യാപാരി സംഘടന പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കാളികളായി. 
ഓരോ വിദ്യാലയത്തെയും മാലിന്യമുക്ത ഹരിതവിദ്യാലയങ്ങളാക്കി മാറ്റുക, വിദ്യാലയങ്ങളുടെ പരിസരത്തുള്ള ടൗണുകളുടെ ശുചീകരണം നടത്തുകയും തുടർസംരക്ഷണം ഉറപ്പാക്കുകയും ചെയ്യുക, മാലിന്യമുക്തം നവകേരളം ക്യാംപയിന്റെ സന്ദേശം എല്ലാ വിദ്യാർഥികളിലേക്കും അതു വഴി മണ്ഡ‌ലത്തിലെ എല്ലാ വീടുകളിലേക്കും എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് തൃത്താല മണ്ഡലത്തില്‍ മെഗാ ക്യാംപയിന്‍ ആരംഭിക്കുന്നത്.  മണ്ഡല പരിധിയിലുള്ള കോളേജുകൾ, ഹയർസെക്കന്ററി സ്‌കൂളുകൾ, ഹൈസ്‌കൂളുകൾ, വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളുകൾ, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ എൻ.സി.സി., എസ്.പി.സി., എൻ.എസ്.എസ്, സ്കൗട്ട് ആന്റ് ഗൈഡ്സ്, പരിസ്ഥിതി ക്ലബുകൾ, ഭൂമിത്രസേന, സുസ്ഥിര ക്ലബുകൾ എന്നിവയുടെ സഹകരണത്തോടുകൂടിയാണ് ക്യാംപയിന്‍ നടപ്പിലാക്കുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!