ജനവാസമേഖലയിൽ കാട്ടാനയിറങ്ങി; പേടിച്ച്‌ ഓടിവീണ് ടാപ്പിങ് തൊഴിലാളികൾക്ക് പരിക്ക്

Share this News

ജനവാസമേഖലയിൽ കാട്ടാനയിറങ്ങി; പേടിച്ച്‌ ഓടിവീണ് ടാപ്പിങ് തൊഴിലാളികൾക്ക് പരിക്ക്

നെല്ലിയാമ്പതി വനമേഖലയിൽനിന്നെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ടാപ്പിങ്ങിന് പോയ തൊഴിലാളികൾ ആനയ്ക്ക് മുന്നിലകപ്പെട്ടതിനെത്തുടർന്ന് ഓടുന്നതിനിടെ വീണ് പരിക്കേറ്റു. ടാപ്പിങ് തൊഴിലാളികളായ ഒലിപ്പാറ പടിഞ്ഞാറേ വാടിയിൽ മിനി ജോസഫ് (33), വരിക്കപ്പുള്ളി ബിനോജ് ജോസഫ് (29) എന്നിവർക്കാണ് പരിക്കേറ്റത്‌. ഇവർ ആദ്യം അടിപ്പെരണ്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിലും ചികിത്സ തേടി. വെള്ളിയാഴ്ച പുലർച്ചെ 5.30-നാണ് സംഭവം. ഇവർ സഞ്ചരിച്ച ഇരുചക്രവാഹനവും ആന തകർത്തു.
കനാൽ ബണ്ടിനോട് ചേർന്നുള്ള ഈറമ്പന തള്ളിയിട്ടു തിന്നുന്നതിനിടെയാണ് ആനയ്ക്കുമുൻപിൽ ഇരുവരും എത്തിയത്. ആന ഇവർക്ക് നേരെ തിരിഞ്ഞതോടെ ബൈക്ക് നിർത്തിയിട്ട് ഓടുകയായിരുന്നു. ഓടുന്നതിനിടെ വീണാണ് ഇരുവർക്കും പരിക്കേറ്റത്.
ഇവരുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിയെത്തി ബഹളം വെച്ചാണ് ആനയെ തിരിച്ചോടിച്ചത്. ഒലിപ്പാറ, മാനംകെട്ടപൊറ്റ, മണലൂർ ചള്ള തുടങ്ങിയ ഭാഗങ്ങളിലാണ് വനമേഖലയിൽനിന്നെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചത്.
കർഷകരായ അരിപ്പാറ സന്തോഷ്, അംബിക, സഞ്ജു, അലിയാട്ടുകുടി ശോശാമ്മ, ജയശ്രീ, രാധാമണി, റെജി, ജോസഫ്, ജോൺസൺ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കൃഷി നശിപ്പിച്ചത്. സൗരോർജവേലി തകർത്താണ് കൃഷിയിടത്തിൽ ആനയെത്തിയത്‌. വാഴ, കവുങ്ങ്, ഫലവൃക്ഷങ്ങൾ, തെങ്ങ് എന്നിവ തിന്നും ചവിട്ടിയും നശിപ്പിച്ചു. വനപാലകർ പടക്കം പൊട്ടിച്ചാണ് ആനയെ വനമേഖലയിലേക്ക് കയറ്റിയത്. കൃഷിനാശം വരുത്തിയ ഭാഗങ്ങൾ സ്വതന്ത്രകർഷക അസോസിയേഷൻ (കിഫ) ജില്ലാപ്രസിഡന്റ് എം. അബ്ബാസ്, ഭാരവാഹികളായ എ. സന്തോഷ്, കെ. പരമേശ്വരൻ, റെജി ആലിയാട്ട്, ജോസ് ആറ്റുപുറം എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News
error: Content is protected !!