

കാട്ടുപന്നികൾ വിഹരിക്കുന്നു, നൂറുകണക്കിനു കർഷക ജനത ആശങ്കയിൽ
കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമായി മാറിയ കിഴക്കഞ്ചേരി പഞ്ചായത്തിൻ്റെ മലയോര കുടിയേറ്റ മേഖലകളിൽ കർഷകർ കൃഷി ഉപേക്ഷിക്കുന്നു. കർഷകരെ സംബന്ധിച്ചിടത്തോളം അധ്വാനം മുഴുവൻ കാട്ടുമൃഗങ്ങൾ നശിപ്പിക്കുകയാണ്.
കർഷകർ കൃഷി ചെയ്തു വരുന്ന കപ്പ, ചേമ്പു ചേന, കാച്ചിൽ, ചെറുകിഴങ്ങ്, വാഴ, ഇഞ്ചി തുടങ്ങി ഹൃസ്വകാല വിളകളുടെ കൃഷി മലയോരമേഖലകളിൽ അസാധ്യമായി മാറുകയാണ്. രാത്രിയും പകലും എന്ന വ്യത്യാസമില്ലാതെ കാട്ടുപന്നി,മാൻ, കേഴ, മയിൽ തുടങ്ങിയവ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുകയാണ്. കൂടാതെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ആനയും പുലിയും എല്ലാവിധത്തിലും മലയോര ജനതയുടെ സ്വൈരജീവിതത്തിന് വിഘാതം സൃഷ്ടിക്കുകയാണ്. പരിസ്ഥിതിലോല മേഖല സംരംക്ഷണത്തിൻ്റെ പേരിൽ കർഷകർക്കിടയിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യം കൂടി കണക്കിലെടുക്കുമ്പോൾ നൂറുകണക്കിനു കർഷക ജനത ആശങ്കയുടെ നിഴലിലാണ് ജീവിതം തള്ളിനീക്കുന്നത്.
കാട്ടുപന്നികള്‍മൂലം ജനങ്ങള്‍ക്കു യാത്രചെയ്യാൻ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. മുമ്പൊക്കെ രാത്രികാലങ്ങളിലായിരുന്നു ഇവ കൂട്ടത്തോടെ നാട്ടിലിറങ്ങി കൃഷിയിടങ്ങളില്‍ എത്തിയിരുന്നത്.എന്നാല്‍ ഇപ്പോള്‍ രാപ്പകല്‍വ്യത്യാസമില്ലാതെയാണ് പന്നിക്കൂട്ടങ്ങള്‍ ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളില്‍ എത്തി ആക്രമിക്കുന്ന സ്ഥിതിയിലേക്ക് മാറിയിട്ടുള്ളത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് മംഗലംഡാം – പറശേരി റോഡില്‍ ചപ്പാത്ത് പാലത്തിനു സമീപം വച്ച് പന്നിക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ ബൈക്ക് യാത്രികരായ രണ്ടു വയസുകാരൻ ഉള്‍പ്പെടെ മൂന്നുപേർക്ക് സാരമായി പരിക്കേറ്റത്. കണ്ണുചിമ്മി തുറക്കുന്ന സമയം ഇവ റോഡിന് കുറുകെ പായും. ഈ സമയം റോഡില്‍ വാഹനം എത്തിപ്പെട്ടാല്‍ എങ്ങനെയൊക്കെ അപകടം സംഭവിക്കുമെന്ന് പറയാനാകില്ല.
ഇരുചക്രവാഹന യാത്രികരും ഓട്ടോറിക്ഷകളുമാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. ഒരു വർഷം മുമ്പാണ് മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനു സമീപം കരിങ്കയത്ത് പന്നിക്കൂട്ടം റോഡിനു കുറുകെ പാഞ്ഞ് ഓട്ടോയില്‍ ഇടിച്ച് ഓട്ടോമറിഞ്ഞ് ഡ്രൈവറായിരുന്ന കിഴക്കഞ്ചേരി വക്കാല ആലംപള്ളം സ്വദേശിനി വിജീഷ് സോണിയ (36) മരിച്ചത്.
ഈ അപകടത്തിനു മുമ്പ് വിജിഷ അപകടത്തില്‍പ്പെട്ട സ്ഥലത്തിന് അടുത്തുവച്ച് തന്നെ മംഗലംഡാം പറശേരി സ്വദേശി വേലു (56) ടാപ്പിംഗ് ജോലിക്കായി ബൈക്കില്‍ പോകുമ്പോള്‍ പന്നിക്കൂട്ടം ആക്രമിച്ച് മരിക്കാനിടയായി. ഒരു വർഷം മുമ്പ് വടക്കഞ്ചേരി ആയക്കാട് വച്ച് ഓട്ടോറിക്ഷയില്‍ പന്നിയിടിച്ച് വടക്കഞ്ചേരി ചന്തപ്പുര സ്വദേശി ഓട്ടോ ഡ്രൈവറായ ഹക്കീം (49) മരിച്ചിരുന്നു. ഈയടുത്ത കാലത്ത് തന്നെ പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റവർ നിരവധി പേരുണ്ട്.
ഒരാഴ്ച മുമ്പാണ് കൊളക്കോട് വീടിനു മുന്നില്‍ വച്ച് 78 കാരനായ കൂട്ടത്തിനാലില്‍ വർഗീസിന് പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. രണ്ടുമാസം മുമ്പ് കല്ലിങ്കല്‍പാടം റോഡില്‍ പന്നി ഇടിച്ച് വിളക്കാനാപ്പിള്ളിയില്‍ ബിജുവിന്‍റെ മകൻ ക്രിസ്ത്യ ( 20) ന് പരിക്കേറ്റിരുന്നു. ഇളവമ്പാടം ആർപിഎസി നു സമീപം റോഡിന് കുറുകെ ഓടിയ പന്നി ഇടിച്ച് ഓട്ടോമറിഞ്ഞ് ഡ്രൈവർ ഉള്‍പ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. എല്‍ഐസി ഏജന്‍റ് കലാധരൻ ഉള്‍പ്പെടെയുള്ളവർക്കാണ് അന്ന് പരിക്കേറ്റത്. കഴിഞ്ഞ മേയ് 25നായിരുന്നു ഈ അപകടം.
കഴിഞ്ഞ ഏപ്രില്‍ 24ന് അണക്കപ്പാറ ചെല്ലുപടി റോഡില്‍ കാട്ടുപന്നിയിടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഡ്രൈവർക്ക് സാരമായ പരിക്കേറ്റു. എരിമയൂർ സ്വദേശി അഷറഫി (50)നാണ് പരിക്കേറ്റത്. ദേശീയപാതയില്‍ ചുവട്ടുപാടത്ത് കുറുകെ ഓടിയ പന്നി ഓട്ടോയില്‍ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ആയക്കാട് കൂമാങ്കോട്ടില്‍ പന്നിയിടിച്ച് ഓട്ടോ മറിഞ്ഞ് നാലു പേർക്ക് പരിക്കേറ്റിരുന്നു.
മഞ്ഞപ്രയില്‍ കുന്നത്ത് വീട്ടില്‍ നാരായണൻ (57) ദമ്പതികളായ മംഗലംഡാം ഓടംതോട് സുരേഷ് (39) വത്സല (38) തുടങ്ങിയവരും പന്നിയുടെ ആക്രമത്തിനിരയായവരാണ്.
നൂറുകണക്കിന് പന്നികളാണ് ഓരോ പ്രദേശത്തും തിങ്ങിനിറഞ്ഞിട്ടുള്ളത്. ഒന്നോ രണ്ടോ പന്നികളെ മാത്രം വെടിവച്ച് നശിപ്പിച്ചതുകൊണ്ട് ഇവയുടെ പെരുപ്പം കുറക്കാനാകില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

