മലയോര ഗ്രാമങ്ങളിൽ കാടുമൂടി പ്രവർത്തനരഹിതമായി സോളാർവേലികള്‍

Share this News

വള്ളിപടർപ്പുകളും കാടുംമൂടി പ്രവർത്തനരഹിതമായ വനാതിർത്തികളിലെ സോളാർവേലികൾ  പ്രവർത്തിപ്പിക്കാൻ അടിയന്തരനടപടി ഉണ്ടാകണമെന്ന് നാട്ടുകാർ.കിഴക്കഞ്ചേരി പഞ്ചായത്തില്‍ വനാതിർത്തികളിലുള്ള സോളാർവേലികള്‍ പല ഭാഗത്തും വള്ളിപടർപ്പുകള്‍ കയറി പ്രവർത്തനക്ഷമമല്ല. കണിച്ചിപരുതയില്‍ നിന്നും പാലക്കുഴിമലയിലേക്കുള്ള റോഡിന്‍റെ അതിർത്തി പങ്കിടുന്ന പീച്ചി വനാതിർത്തിയിലെ ഫെൻസിംഗ് വള്ളികള്‍ പടർന്ന് പ്രവർത്തിക്കുന്നില്ല. ഇതിനാല്‍ ഏത് സമയവും പീച്ചി കാട്ടില്‍നിന്നും ആനകള്‍ കൂട്ടത്തോടെ കൃഷിയിടങ്ങളിലെത്താൻ സാധ്യതയുണ്ട്. കൃഷിയിടങ്ങളിലെ തീറ്റ കണ്ടാല്‍ പിന്നെ ആനകളുടെ വരവ് കൂടും. ഫെൻസിംഗ് കാര്യക്ഷമമായാലും അത് തകർത്തും ആനകളെത്തും.

കാണച്ചിപരുത മേഖലയിൽ ഫെൻസിംഗ് കാടുകയറിയ നിലയിൽ

വാല്‍കുളമ്പ് -പന്തലാംപാടം മലയോരപാതയില്‍ പ്രവർത്തനം നിലച്ച പനംകുറ്റിയിലെ ക്വാറി ഭാഗങ്ങള്‍ കാട്കയറി ആനകള്‍നില്‍ക്കുന്നതു പോലും കാണാൻ കഴിയാത്ത സ്ഥിതിയിലാണ്. മാസങ്ങള്‍ക്കു മുമ്പ് ദമ്പതികള്‍ സ്കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ ഇവിടെ വച്ചാണ് വാഹനത്തിനു മുന്നിലേക്ക് പുലി ചാടി അപകടമുണ്ടായത്. യഥാസമയങ്ങളില്‍ കാടുവെട്ടി തെളിയിച്ച്‌ സോളാർ ഫെൻസിംഗിന്‍റെ അറ്റകുറ്റപണികള്‍ നടത്തി കാട്ടാനശല്യത്തില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്താൻ പഞ്ചായത്ത് അധികൃതരും വനംവകുപ്പും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

പൊന്തക്കാടായി കിടക്കുന്ന വനാതിർത്തികളിലെ തോട്ടങ്ങള്‍ വെട്ടി തെളിക്കാൻ ഉടമകള്‍ക്ക് നിർദേശം നല്‍കണം. ഇതിനുള്ള അധികാരം പഞ്ചായത്തുകള്‍ക്കുണ്ട്. ഇത് നടപ്പിലാക്കണം. പരിചരണമില്ലാത്ത തോട്ടങ്ങള്‍ വന്യമൃഗങ്ങള്‍ താവളമാക്കുന്നതു വഴി സമീപത്തെ കൃഷിയിടങ്ങളിലേക്കും ആനകളെത്തുന്ന സ്ഥിതിയുണ്ടാകുന്നുണ്ട്.വന്യമൃഗശല്യം തടയുന്നതിനും അനുബന്ധ പ്രവർത്തനങ്ങള്‍ക്കുമുള്ള ജാഗ്രത സമിതികളുടെ പ്രവർത്തനവും കാര്യക്ഷമമാക്കണം. സമയബന്ധിതമായി ഫെൻസിംഗിന്‍റെ പരിസരപ്രദേശങ്ങളില്‍ കാടു വളരുന്നത് നീക്കം ചെയ്യാനും സോളാർ ഫെൻസിംഗ് പ്രവർത്തനസജ്ജമാക്കാനും രാത്രിയാത്രക്കാർക്ക് വഴിയില്‍ വെളിച്ചം ഉറപ്പുവരുത്തേണ്ടതും പഞ്ചായത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും

പ്രദേശവാസികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളും ഉള്‍പ്പെട്ട ജാഗ്രതസമിതിയാണ്. എന്നാല്‍ സമിതിയുടെ പ്രവർത്തനവും സജീവമല്ല. അതേസമയം ഫണ്ടില്ലാത്തതാണ് ഫെൻസിംഗ് ജോലികള്‍ക്ക് തടസമാകുന്നതെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. പ്രതിഫലം നല്‍കാൻ വഴിയില്ലാതെ താത്കാലിക ജീവനക്കാരായ വാച്ചർമാരെ പിരിച്ചുവിടുകയാണ്. വാച്ചർമാരാണ് വനാതിർത്തികളിലൂടെ നടന്ന് ഫെൻസിംഗ് പ്രവർത്തിപ്പിക്കുന്നതും നാട്ടില്‍ ആനയിറങ്ങിയാല്‍ ഓടിക്കുന്നതുമെല്ലാം. ഇവരെ പിരിച്ചുവിട്ടാല്‍ വന്യമൃഗശല്യം നാട്ടില്‍ രൂക്ഷമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.

പ്രാദേശിക വാർത്തകൾ  WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/FVTPfw1ymytDHezSaqnZYw


Share this News
error: Content is protected !!