
ഹരിതകേരള മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ മംഗലംപാലത്ത് പുഴയോരത്ത് നട്ടുവളർത്തിയ മുളകൾ വെട്ടുന്നത് തടഞ്ഞു. മുളവെട്ടുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ജൈവവൈവിധ്യ പരിപാലനസമിതിയുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്തധികൃതർ സ്ഥലത്തെത്തി തടയുകയായിരുന്നു.
അധികൃതരെത്തുമ്പോഴേക്കും മുപ്പതോളം മുളകൾ വെട്ടിയിരുന്നു. ഗ്രാമപ്പഞ്ചായത്തിൽനിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുള വെട്ടാനെത്തിയവരുടെ വാദം. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സുരേഷും സെക്രട്ടറി കെ. രാധികയും പറഞ്ഞു.
കുറ്റക്കാരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്തധികൃതർ പറഞ്ഞു.
2018-ലാണ് മംഗലംപാലത്ത് മുളകൾ നട്ടുവളർത്താനാരംഭിച്ചത്. ജില്ലയിലെ മികച്ച പച്ചത്തുരുത്തിനുള്ള പുരസ്‌കാരവും മംഗലംപാലത്തെ പച്ചത്തുരുത്തിന് ലഭിച്ചിരുന്നു. ജൂലായിൽ പെയ്ത കനത്ത മഴയിൽ മലയോരമേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ കുത്തിയൊഴുകിയെത്തിയ മഴവെള്ളം മുളങ്കൂട്ടങ്ങളെ മൂടിയെങ്കിലും കടപുഴകാതെ പിടിച്ചുനിന്നു. പുഴയുടെ വശം ഇടിയുന്നത് തടയാനും കഴിഞ്ഞു. പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി വടക്കഞ്ചേരി പുതുക്കുളത്തിനു ചുറ്റും നട്ട മുളകളും മുമ്പ് വെട്ടിനശിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ പോലീസിലുൾപ്പെടെ പരാതി നൽകിയെങ്കിലും നടപടികളുണ്ടായില്ല.
.
ഫോട്ടോ :
മംഗലം പുഴയോരത്തെ മുളങ്കൂട്ടം വെട്ടിയ നിലയിൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq
