ഒന്നാംവിള നെല്ലിന്‍റെ വില ഇനിയും ലഭിച്ചില്ല: രണ്ടാംവിള കൊയ്ത്തിനൊരുങ്ങി പാടശേഖരങ്ങൾ

Share this News

ഒന്നാംവിള നെല്ലിന്‍റെ വില ഇനിയും ലഭിച്ചില്ല: രണ്ടാംവിള കൊയ്ത്തിനൊരുങ്ങി പാടശേഖരങ്ങൾ

സപ്ലൈകോ വഴി ഒന്നാം വിള നെല്ല് എടുത്തതിന്‍റെ രശീതി (പിആർഎസ് – പാഡി റിക്വയർമെന്‍റ് ഷീറ്റ് ) പോലും കർഷകർക്ക് ലഭിച്ചിട്ടില്ലെന്നിരിക്കെ രണ്ടാംവിള കൊയ്ത്തിന് പാകമാവുകയാണ് പാടശേഖരങ്ങള്‍. കനാല്‍വെള്ളം എത്താത്ത മഴയെ മാത്രം ആശ്രയിച്ചു കൃഷി ഇറക്കുന്ന പരുവാശേരി, മുളന്തനോട് തുടങ്ങിയ കരപാടങ്ങളിലാണ് രണ്ടാംവിള കൃഷിയുടെ നെല്ല് കതിർനിരന്ന് മൂപ്പാകുന്നത്.

ഒന്നാംവിള നെല്ലിന്‍റെ വില കിട്ടാത്തതിനാല്‍ കടംവാങ്ങിയും സ്വർണാഭരണങ്ങള്‍ പണയപ്പെടുത്തിയും കടംപറഞ്ഞുമാണ് രണ്ടാംവിള കൃഷി നടത്തിയിട്ടുള്ളതെന്ന് പരുവാശേരിയിലെ കർഷകയായ ശാന്ത പറഞ്ഞു. ഇനി രണ്ടാംവിള നെല്ലിന്‍റെ സംഭരണവും അതിന്‍റെ വില ലഭിക്കുന്നതുമൊക്കെ ഏതുകാലത്താണെന്ന് ആർക്കും നിശ്ചയമില്ല. മൂന്നുമാസം മുൻപ് കൊയ്തെടുത്ത് വിറ്റ ഒന്നാംവിള നെല്ലിന്‍റെ വിലയാണ് ഇനിയും കർഷകർക്ക് നല്‍കാത്തത്. നെല്ല് കൊണ്ടുപോയാല്‍ നല്‍കേണ്ട പിആർഎസ് പോലും മാസങ്ങളായിട്ടും കർഷകർക്ക് നല്‍കിയിട്ടില്ലെന്ന് പരുവാശേരി പാടശേഖര സമിതി പ്രസിഡന്‍റ് ആർ. കൃഷ്ണൻ പറഞ്ഞു. മില്ലുകാരെയാണ് നെല്ലെടുക്കാൻ സപ്ലൈകോ ചുതലപ്പെടുത്തിയിട്ടുള്ളത്. ഈ മില്ലുകാരുടെ ഏജന്‍റുമാരെ കൂടാതെ മറ്റു ഇടനിലക്കാരും കമ്മീഷൻ അടിച്ചെടുക്കാൻ നെല്ല് സംഭരണ രംഗത്തുണ്ടെന്നാണ് കർഷകർ പറയുന്നത്. നെല്ലിന്‍റെ വിലകുറച്ച്‌ സർക്കാർ വക ഇരുട്ടടി നല്‍കുന്നതിനു പുറമേയാണ് കർഷകരെ പറ്റിക്കുന്ന നടപടികളും അരങ്ങേറുന്നത്.

കർഷകരെ ഈ വിധം ദ്രോഹിച്ചാല്‍ പാടശേഖരങ്ങളില്‍ നെല്‍കൃഷി ഇല്ലാതാകുമെന്നാണ് കർഷകരുടെ മുന്നറിയിപ്പ്. ജലസേചന പ്രശ്നം, ഉഴവ്, കീടബാധ, വളപ്രയോഗം, കൊയ്ത്ത് കൂലി എന്നിവയുടെ വർധന മറ്റു കൂലി ചെലവുകള്‍ എന്നിവയെല്ലാം ഉയർന്നു നില്‍ക്കുകയാണ്. കതിരുനിറയുന്ന പാടങ്ങളില്‍ പന്നിക്കൂട്ടങ്ങള്‍ ഇറങ്ങിയും മയില്‍ശല്യവും രൂക്ഷമാണ്. ഇങ്ങനെയെല്ലാം രക്ഷിച്ചെടുക്കുന്ന നെല്ലാണ് സപ്ലൈകോക്ക് നല്‍കി പിന്നീട് അതിന്‍റെ വിലകിട്ടാൻ കർഷകർ കാത്തിരിപ്പ് നടത്തുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News
error: Content is protected !!