കണ്ണീരോടെ വിട ചൊല്ലി നാട്; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി

Share this News

പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി

പാലക്കാട് പനയമ്പാടത്ത് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച നാലു വിദ്യാര്‍ത്ഥിനികള്‍ക്കും നാട് വിടചൊല്ലി. കരിമ്പനക്കല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം തുപ്പനാട് ജുമാ മസ്ജിദില്‍ അടുത്തടുത്തായി നാലുപേരുടേയും മൃതദേഹങ്ങള്‍ കബറടക്കി. പത്തരയോടെ അവസാനിച്ച പൊതുദര്‍ശനത്തില്‍ വിദ്യാര്‍ത്ഥിനികള്‍ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും അടക്കം നാടുമുഴുവനുമാണ് പ്രിയ കുഞ്ഞുങ്ങളെ അവസാനമായി ഒരു നോക്കു കാണാന്‍ കരിമ്പനക്കല്‍ ഹാളിലേക്ക് ഒഴുകിയത്.
മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, എം ബി രാജേഷ്, എംഎല്‍എമാരായ കെ ശാന്തകുമാരി, രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര എന്നിവര്‍ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണന്‍ കുട്ടിയാണ് ആദരം അര്‍പ്പിച്ചത്.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാവിലെ ആറ് മണിയോടെയാണ് വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം അവരവരുടെ വീടുകളില്‍ എത്തിച്ചത്. കൂട്ടുകാരെ അവസാനമായി കാണാനെത്തിയവര്‍ പൊട്ടിക്കരഞ്ഞു.
പനയമ്പാടത്താണ് നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്.
ഇന്നലെ വൈകിട്ട് 3.45നായിരുന്നു സംഭവം. ഇര്‍ഫാന, നിദ, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് നിയന്ത്രണംവിട്ടുവന്ന സിമന്റ് ലോറി മറിയുകയായിരുന്നു. നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിദ്യാര്‍ഥികളുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News
error: Content is protected !!