

സംസ്ഥാന ചരിത്രത്തിലാദ്യമായി കേരളം ചാരം കയറ്റുമതി ചെയ്യുന്നു. അതും ജർമ്മനിയിലേക്ക്. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും ഒടുവിൽ ചാരവും വിദേശനാണ്യം നേടുന്ന പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ്.
വടക്കഞ്ചേരി ജയഭാരത് റൈസ് മില്ലിൽ നിന്നാണ് ഇന്നലെ ഒരു കണ്ടയ്നർ ചാരം ലോഡ് കയറ്റിയത്.600 ചാക്കിലായി 28 ടൺ ചാരം ഇന്നലെ തന്നെ കൊച്ചി ഹാർബറിലെത്തിച്ചു. ക്ലിയറൻസിന് ശേഷം ഇത് ജർമ്മനിയിലേക്ക് കൊണ്ടുപോകും.
ഗുജറാത്ത് ആസ്ഥാനമായുള്ള റാം കൃപ ഇന്റർനാഷണൽ ഏജൻസിയാണ് ചാരം കയറ്റുമതി ചെയ്യുന്നത്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നായി ആഴ്ചയിൽ പത്തു കണ്ടയ്നർ ചാരം ഇവർ സ്ഥിരമായി കയറ്റി അയക്കുന്നു. കേരളത്തിൽ ആദ്യ ലോഡ് വടക്കഞ്ചേരിയിൽ നിന്നാണ്. കേരളത്തിലെ സാധ്യത മനസ്സിലാക്കിയാണ് സംസ്ഥാന ചുമതലയുള്ള കമ്പനി മാനേജർ മാവേലിക്കര സ്വദേശി അശോക് കുമാർ ജയഭാരത് മില്ലുടമ ഖനിയുമായി ധാരണയിലെത്തിയത്.
റൈസ് മില്ലുകൾ ധാരാളമുള്ള പാലക്കാട് ജില്ലയിൽ നിന്ന് മുടങ്ങാതെ ലോഡ് ലഭിക്കുമെന്ന് കമ്പനി കരുതുന്നു. നെല്ല് കുത്തിക്കഴിഞ്ഞാൽ പുറത്ത്വരുന്നത് കറുത്ത നിറത്തിലുള്ള ചാരമാണ്. ഇത് ഒരാഴ്ച്ചയോളം ഗോഡൗണിൽ സൂക്ഷിച്ച് വെളുത്ത നിറമാവുമ്പോൾ യന്ത്ര സഹായത്തോടെ പൊടിച്ചാണ് ചാക്കിൽ നിറക്കുക.
തുടക്കത്തിൽ ചാരത്തിന് വില ലഭിക്കില്ല. ഒരു ചാക്ക് നിറക്കാനുള്ള ചിലവായ അറുപതു രൂപ വീതം കമ്പനി നൽകും.
മുൻപ് പോണ്ടിച്ചേരി, തമിഴ്നാട്, കർണാടക, ആന്ധ്രാ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കൃഷി ആവശ്യങ്ങൾക്കായി ചാരം കൊണ്ടുപോയിരുന്നു. എന്നാൽ ഇത് കൃത്യമായി നടക്കാത്തതിനാൽ ഒരുപാട് സ്റ്റോക്ക് കെട്ടിക്കിടന്നു. ഇനി അതുണ്ടാവില്ലെന്ന് ഖനി പറഞ്ഞു. ആഴ്ചയിൽ ഒരു ലോഡ് ഈ കമ്പനി വാങ്ങുമെന്നും ചാരം സൂക്ഷിക്കുകയെന്ന റിസ്ക് ഒഴിവാകുമെന്നും ഖനി പറഞ്ഞു.
എന്തായാലും കേരളത്തിൽ പുതിയൊരു വരുമാന സ്രോതസ്സ് കൂടി ഉണ്ടാവുകയാണ്. ഭാവിയിൽ നിസ്സാരമെന്ന് കരുതിയ ചാരത്തിനും വലിയ വില ലഭിക്കുമെന്നു കരുതാം.
പ്രദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY
