

വടക്കഞ്ചേരി മംഗലം പാലം ജങ്ഷന് മറ്റൊരു പേരും പെരുമയുമുണ്ട്,’മിനി പമ്പ’. പണ്ട് മംഗലം പുഴയിൽ ശുദ്ധമായ വെള്ളവും, പാർക്കിങ്ങിനു വേണ്ടത്ര സ്ഥലവും ഉണ്ടായിരുന്നപ്പോൾ മണ്ഡലം സീസണിൽ വാളയാർ വഴിയും പൊള്ളാച്ചി വഴിയും വരുന്ന അയ്യപ്പ ഭക്തരുടെ പ്രധാന ഇടത്താവളമായ ഈ സ്ഥലത്തിന് തനിയെ വന്നുചേർന്ന പേരാണ് ‘ മിനി പമ്പ’.ശബരിമലക്ക് പോകുന്നവരും തിരിച്ചു വരുന്നവരും ഇവിടെ വാഹനം നിർത്തും. നാട്ടിലേക്ക് മടങ്ങുന്നവർക്ക് കേരള സ്പെഷ്യൽ ചിപ്സ് വാങ്ങുക ഒരു ചടങ്ങ് തന്നെയാണ്.

പുഴയൊരം കാടുപ്പിടിച്ച നിലയിൽ
മംഗലം പാലത്തെ ചിപ്സ് പെരുമയ്ക്ക് ആറുപതിറ്റാണ്ടിനപ്പുറം പെരുമയുണ്ട്.
വടക്കഞ്ചേരി ടൗണിലാണ് ചിപ്സിന്‍റെ ആദ്യ കട തുടങ്ങിയതെന്നാണു പഴമക്കാർ പറയുന്നത്. അന്നത്തെ കാലത്ത് പഞ്ചായത്ത് റോഡുപോലെ നന്നേ വീതികുറഞ്ഞ ഒറ്റവരിപ്പാതയായിരുന്നു തൃശൂർ – പാലക്കാട് പാത. മംഗലംപാലത്തായിരുന്നു ചെക്ക്പോസ്റ്റ്. ഈയടുത്തകാലം വരെ അതിന്‍റെ ചെറിയൊരു കെട്ടിടവും മംഗലംപാലത്തുണ്ടായിരുന്നു, പിന്നീട് ഹൈവേ വന്നു, റോഡിനു വീതികൂടി, ചെക്ക്പോസ്റ്റ് വാളയാറിലേക്കുമാറ്റി. പക്ഷേ, മംഗലംപാലത്തെ ചിപ്സ് പെരുമയ്ക്ക് ഇന്നും സല്‍പ്പേരുണ്ട്. ഇതൊക്കെയാണെങ്കിലും മംഗലം പാലം ജംഗ്ഷനില്‍ റോഡ് തകർന്നുകിടക്കുന്നത് ഇത്തവണ തീർഥാടകരെ വലയ്ക്കും. ചിലയിടങ്ങളിൽ കുഴികൾ അടച്ചെങ്കിലും പലയിടത്തും വലിയ കുഴികള്‍ അടയ്ക്കാൻ പൊതുമരാമത്തുവകുപ്പ് നടപടിയെടുത്തില്ലെന്നു കച്ചവടക്കാർ കുറ്റപ്പെടുത്തുന്നു.മഴക്കാലത്ത് കുഴികളില്‍ തള്ളിയ ക്വാറിവേസ്റ്റ് ഇപ്പോള്‍ പ്രദേശമാകെ പൊടിനിറയാൻ കാരണമായിരിക്കുകയാണ്.

മംഗലം പുഴയിലേക്ക് ഇറങ്ങാനുള്ള കല്പടവുകൾ പോലും മറച്ചാണ് തല്ക്കാലിക കച്ചവടം. പുഴയാണെങ്കിൽ മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറി.മണ്ഡലമാസക്കാലത്തിന്‍റെ ഭാഗമായി പഞ്ചായത്ത് വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഒരുക്കാതിരുന്നത് തീർഥാടകർക്കു ബുദ്ധിമുട്ടുണ്ടാക്കും.തീർഥാടകർക്കാവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതും പ്രദേശം മലിനമാക്കുമെന്നു കച്ചവടക്കാർ പറയുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY
