

മണ്ണിന്റെ മനമറിഞ്ഞു കൃഷി ചെയ്യണമെന്ന് പഴമക്കാർ പറയും.വിത്തും മണ്ണും ഒത്തു വന്നാൽ കൃഷി ചതിക്കില്ലെന്ന കർഷകവിശ്വാസം അടിവരയിടുന്നതാണ് കിഴക്കഞ്ചേരി വാൽക്കുളമ്പ് വാത്യാട്ട് വർഗീസ് തന്റെ കൃഷിയിടത്തിൽ വിളയിച്ച പടുകൂറ്റൻ വാഴക്കുല. 58 കിലോ തൂക്കവും ആറടിയോളം നീളവുമുള്ള അത്ഭുത വാഴക്കുലയാണ് വർഗീസിന്റെ കൃഷിയിടത്തെ ധന്യമാക്കിയത്.
ഗ്രാൻഡ് നൈൻ റോവസ്റ്റ് ഇനത്തിലുള്ള വാഴക്കുലയാണ് അപൂർവ്വ വലിപ്പത്തിൽ കുലച്ചത്.ഈ പ്രായത്തിന്റെ ഇടയിൽ കൃഷിയിൽ ഇത്രയും സംതൃപ്തി കിട്ടിയ ഒരു നിമിഷം ആദ്യമായാണെന്നു പാരമ്പര്യ കർഷകനായ വർഗീസ് പറഞ്ഞു.
അപൂർവ്വ വാഴക്കുല കിലോക്ക് ഇരുപത്തഞ്ച് രൂപ വച്ചു ആയിരത്തി ഇരുന്നൂറ്റമ്പത് രൂപക്ക് പനംകുറ്റിയിലെ കച്ചവടക്കാരനായ ജോസഫാണ് വാങ്ങിയത്.
വാൽക്കുളമ്പ്, പനംകുറ്റി മേഖലയിൽ ആന, പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളോട് പൊരുതി വേണം കൃഷി ചെയ്യാൻ. ഭൂമിക്കടിയിൽ ഉണ്ടാവുന്നതെല്ലാം കാട്ടുപന്നിയും, ഭൂമിക്ക് മുകളിൽ ഉണ്ടാവുന്നത് മയിലും നശിപ്പിക്കും. ഇതിന് പുറമെയാണ് കാട്ടാനകൾ കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുന്നത്. ഈ പോരാട്ടങ്ങൾക്കൊടുവിൽ മനസ്സ് നിറക്കുന്ന സന്തോഷമാണ് ഈ വാഴക്കുലയിൽ നിന്ന് ലഭിച്ചതെന്ന് വർഗീസ് പറയുന്നു.
കേരള വെജിറ്റബിൾ ആൻഡ് ഫുഡ് പ്രമോഷൻ കൗൺസിലിന്റെ ആലത്തൂർ ഫാമിൽ നിന്നു വാങ്ങിയ ടിഷ്യു കൾച്ചർ വാഴയാണിത്. ആകെ അൻപതെണ്ണം വാങ്ങി നട്ടതിൽ മുപ്പതെണ്ണത്തോളം പന്നി നശിപ്പിച്ചു. ഈ വാഴ വീടിനോട് ചേർന്നായതിനാൽ പന്നി ശല്യം ഉണ്ടായില്ല.നട്ട് പത്താം മാസം കുല വരുമ്പോൾ തന്നെ പതിനഞ്ച് പടല ഉണ്ടായിരുന്നു. കുലക്ക് പ്രത്യേകത ഉണ്ടെന്ന് തോന്നിയതിനാൽ പ്രത്യേക പരിചരണം നൽകി.രണ്ടു മാസം കൊണ്ടാണ് കുല അറടിയോളം വളർന്നത്.
കുല കാണാനും ഫോട്ടോ എടുക്കാനും നിരവധി നാട്ടുകാർ എത്തി. കിഴക്കഞ്ചേരി കൃഷി ഓഫീസറും വിളിച്ച് അഭിനന്ദിച്ചു.
കിഴക്കഞ്ചേരി കൃഷി ഭവൻ വെജിറ്റബിൾ ക്ലഷർ വാൽക്കുളമ്പ് വൺ സെക്രട്ടറി കൂടിയാണ് വർഗീസ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

