ദേശീയപാതയിൽ ഗതാഗതം അപകടകരം; ട്രാക്ക് തെറ്റിച്ച് വാഹനങ്ങൾ
വാളയാർ-വടക്കഞ്ചേരി ദേശീയപാതയിൽ വാഹനങ്ങൾ ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി പായുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നു. ചരക്കുവാഹനങ്ങൾ പാതയുടെ ഇടതുവശം ചേർന്ന് സഞ്ചരിക്കണമെന്ന നിയമം മിക്കപ്പോഴും പാലിക്കുന്നില്ല. അമിതഭാരം കയറ്റിയ വാഹനങ്ങൾമൂലം പാതയുടെ പ്രതലം പല ഭാഗത്തും താഴ്ന്ന് നിരപ്പിൽ ഏറ്റക്കുറച്ചിൽ ഉണ്ടായിട്ടുണ്ട്. ചെറിയ വാഹനങ്ങൾ പാതയിലെ ഉയരവ്യത്യാസത്തിൽ നിയന്ത്രണം വിടുന്നു.
സ്വകാര്യബസുകൾ ഗതാഗതനിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ടെന്ന് പരാതികളുണ്ട്. സ്റ്റോപ്പുകളിൽ ബസ് വേയിലേക്ക് ഇറക്കിനിർത്താതെ പാതയുടെ നടുവിൽ നിർത്തുന്നു. സ്റ്റോപ്പില്ലാത്തയിടങ്ങളിൽ കൈ കാണിക്കുന്നവരെ കയറ്റാൻ അപ്രതീക്ഷിതമായി നിർത്തും. ഹോണടിച്ച് ഭയപ്പെടുത്തി തിക്കിത്തിരക്കിയാണ് മറ്റ് വാഹനങ്ങളെ മറികടക്കുക. പിന്നിലെ വാഹനത്തെ കയറിപ്പോകാൻ അനുവദിക്കാതിരിക്കലുമുണ്ട്.
ഇരുചക്രവാഹനങ്ങൾക്ക് പ്രത്യേക ട്രാക്ക് ഇല്ലാത്തതിനാൽ രണ്ടുവരിപ്പാതയുടെ ഇടതുവശം അവ കൈയടക്കുന്നുണ്ട്. രണ്ട് ട്രാക്കുകളുടെയും നടുവിലെ ട്രാക്കിലൂടെ മാത്രം പോകുന്ന ഇരുചക്രവാഹനയാത്രക്കാർ ചെറിയ ബുദ്ധിമുട്ടല്ല, ഉണ്ടാക്കുന്നത്.
പാതയിലും മേൽപ്പാലത്തിലും പലയിടത്തും അറ്റകുറ്റപ്പണിയുണ്ട്. സർവീസ് പാതയിൽ കുഴികൾ രൂപപ്പെട്ടു. ഭാരവാഹനങ്ങളെ താങ്ങാനാകാതെ പാതയിൽ നിരപ്പുവ്യത്യാസം വന്നിട്ടുണ്ട്. ഇതൊന്നും നന്നാക്കാതെ വാളയാർ-മണ്ണുത്തി ദേശീയപാതയിൽ രണ്ടിടത്ത് ടോൾ വാങ്ങുന്നതിനെതിരേ യാത്രക്കാരുടെ പ്രതിഷേധം ഉയരുന്നുണ്ട്.