കരിപ്പാലി വളവിലെ ഉണങ്ങിയ മരക്കുറ്റിയും മരച്ചില്ലകളും നീക്കി

Share this News

കരിപ്പാലി വളവിലെ ഉണങ്ങിയ മരക്കുറ്റിയും മരച്ചില്ലകളും നീക്കി

കരിപ്പാലി വളവിൽ കാഴ്ചമറച്ച് നിന്നിരുന്ന ഉണങ്ങിയ മരം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കുന്ന.


മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന കരിപ്പാലി വളവിലെ കാഴ്ചമറയ്ക്കുന്ന മരച്ചില്ലകളും ഉണങ്ങിയ മരക്കുറ്റിയും മാറ്റി. വടക്കഞ്ചേരി ഭാഗത്തുനിന്ന് വരുമ്പോൾ വളവിൽ ഇടതുവശത്ത് റോഡിലേക്ക് ചാഞ്ഞുനിന്നിരുന്ന മരച്ചില്ലകളും ഉണങ്ങിയ മാവിന്റെ കുറ്റിയുമാണ് നീക്കിയത്.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് മാറ്റിയത്. ഇവിടെയുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും പൊളിച്ചു. ഇപ്പോൾ വളവിനപ്പുറത്തുനിന്നുള്ള വാഹനങ്ങൾ ദൂരെനിന്ന് കാണാനാകും. വണ്ടാഴി പഞ്ചായത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് തീർഥാടകസംഘങ്ങളുടെ ട്രാവലറും ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. റോഡ് നിർമാണത്തിലെ അശാസ്ത്രീയവും മതിയായ മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതും അപകടത്തിനിടയാക്കിയെന്ന് മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വളവിൽ റോഡിന്റെ ചെരിവ് കൂടുതലായിതിനാൽ വടക്കഞ്ചേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ നിയന്ത്രണം തെറ്റി റോഡിന്റെ വലതുവശത്തേക്ക് നിരങ്ങിപ്പോകുന്നതായി എൻഫോഴ്‌സ്‌മെന്റ് സംഘം കണ്ടെത്തിയിരുന്നു.

ഗുരുതരാവസ്ഥയിലുള്ളവർ അപകടനില തരണം ചെയ്തു

കരിപ്പാലി അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ചേർത്തല ചമ്പക്കാട് വീട്ടിൽ വർഗീസ് (57), ആലപ്പുഴ പാതിരാപ്പള്ളി സ്വദേശി അഖിൽ (32) എന്നിവരാണ് ഗുരുതരാവസ്ഥയിൽ നെന്മാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇരുവരെയും വെന്റിലേറ്ററിൽനിന്ന് നീക്കിയ ശേഷം അഖിലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വർഗീസ് നെന്മാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുന്നുണ്ട്. ഇദ്ദേഹത്തെ മുറിയിലേക്ക് മാറ്റി.

പ്രാദേശിക വാർത്തകൾ wats app ൽ ലഭിക്കുന്നതിന് Click ചെയ്യുക

https://chat.whatsapp.com/ERrDoqWKzDbAkj3LA5iyFV


Share this News
error: Content is protected !!