ഫണ്ടില്ല ; റോഡ് നവീകരണങ്ങള്‍ പാതിവഴിയില്‍സാമ്പത്തിക പ്രതിസന്ധിയിൽ ആശങ്കയോടെ ജനങ്ങൾ

Share this News



വടക്കഞ്ചേരി;സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി രണ്ടു മാസംമാത്രം ശേഷിക്കെ ഗ്രാമീണറോഡ് നവീകരണ പ്രവൃത്തികളെല്ലാം ഫണ്ടില്ല എന്ന കാരണത്താൽ മുടങ്ങി കിടക്കുകയാണ്.ഫണ്ടില്ലാതെ വകുപ്പുകളുടെയെല്ലാം പ്രവർത്തനങ്ങളും അവതാളത്തിലാണ്. തകർന്നു കിടക്കുന്ന റോഡുകളെല്ലാം മാർച്ച്‌ മാസത്തില്‍ കുഴി അടയ്ക്കലോ റീടാറിംഗ് വർക്കുകളോ നടത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ മൂന്ന് വർഷമായി അതുമില്ല.

സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മൂലം ഏറ്റവും താഴെതട്ടിലുള്ള പഞ്ചായത്ത് റോഡുകളുടെ റിപ്പയർ വർക്കുകള്‍ പോലും എവിടേയും നടക്കുന്നില്ല.

പൊതുവെ ഏതെങ്കിലും തെരഞ്ഞെടുപ്പു സീസണ്‍ വരുമ്പോള്‍ പൊട്ടി തകർന്ന റോഡുകള്‍ക്കെല്ലാം മോക്ഷം കിട്ടാറുള്ളതാണ്. ഇപ്പോള്‍ എല്ലാം ഉറപ്പുകളില്‍ ഒതുങ്ങി.

അടുത്തൊന്നും നടപ്പാകാത്ത മംഗലംഡാം കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനായി പഞ്ചായത്ത് റോഡുകളെല്ലാം വെട്ടിപ്പൊളിച്ചത് പിന്നെ റീ ടാറിംഗ് നടത്തിയില്ല. വഴി നടക്കാനാവാത്ത വിധം ഇത്തരം ഗ്രാമീണ റോഡുകളെല്ലാം തകർന്നുകിടക്കുകയാണ്.

കെട്ടിട നിർമാണമേഖലയിലെ വർക്കുകളും ആശാവഹമല്ല. ഇതു മൂലം നൂറുകണക്കിനാളുകളുടെ തൊഴിലും പ്രതിസന്ധിയില്‍ തുടരുകയാണ്. ദിവസവേതനക്കാരുടെ കൈയില്‍ പണമില്ല. ഇത് മാർക്കറ്റുകളിലെ കച്ചവടത്തേയും ബാധിച്ചിട്ടുണ്ട്.

ഭൂമിയുടെ വില്പനയോ വാങ്ങലോ കൈമാറ്റങ്ങളോ നടക്കുന്നില്ല. സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിലെ വർധനവും മൊട്ടക്കുന്നുകള്‍ക്കു പോലും തോന്നുംപടി സർക്കാർ വില നിശ്ചയിച്ചതും വസ്തുവില്‍പനയും താറുമാറാക്കി. യഥാസമയം ക്ഷേമപെൻഷനുകള്‍ വിതരണം ചെയ്യാത്തതിനാല്‍ പാവപ്പെട്ടവരും ഇന്ന് ഏറെ ദുരിതത്തിലാണ്.

സാധാരണ കച്ചവടക്കാരെ പിടിച്ചു നിർത്തുന്നത് ഈ വിഭാഗം ആളുകളാണ്. വികസനത്തില്‍ നാടുകുതിക്കുന്നു എന്ന് ഭരണാധികാരികള്‍ വീമ്പടിക്കുമ്പോള്‍ പ്രതിസന്ധി അതിരൂക്ഷമാണെന്നാണ് വിവിധ മേഖലകളിലെ വിലയിരുത്തല്‍. നെല്ല് , റബർ കർഷകർ ഉള്‍പ്പെടെ കാർഷിക മേഖലയും വലിയ പ്രതിസന്ധിയിലാണ്. ഉത്പാദന ചെലവിനനുസൃതമായി ഉത്പന്നത്തിന് വിലയില്ലാത്തത് കർഷിക മേഖലയുടെ ഭാവിയും ഇരുളടക്കുന്നുണ്ട്. സർക്കാർ ജോലി സ്വപ്നം കണ്ട് പരിശീലനം തുടരുന്നവരും നിരാശരാണ്. ജോലി ലഭിക്കുന്നില്ല.

ഭരണക്കാരുടെ സ്വാധീനത്തില്‍ ഒഴിവുകളെല്ലാം നികത്തപ്പെടുകയാണ്. ഇവിടുത്തെ വ്യവസ്ഥിതിയെ വെറുത്ത് കൂട്ടത്തോടെ യുവതി യുവാക്കള്‍ മറുനാടുകളിലേക്ക് പലായനം ചെയ്യുന്നത് ഭരണ നേതൃത്വങ്ങള്‍ ഇപ്പോഴും ഗൗരവത്തോടെ കാണുന്നില്ല. പ്രതീക്ഷയില്ലാത്ത ഭാവിയെക്കുറിച്ച്‌ ചിന്തിച്ച്‌ അസ്വസ്ഥരാണ് ജനങ്ങള്‍.

ഇത് ആത്മഹത്യകള്‍ കൂട്ടുമെന്ന ആശങ്കകളും നാട്ടിലുയരുന്നുണ്ട്. പക്ഷെ, ഭരണക്കാർ ഇതൊന്നും കാര്യമായി എടുക്കുന്നില്ലെന്നതാണ് ഏറെ വേദനിപ്പിക്കുന്നതെന്ന് കർഷക കുടുംബങ്ങള്‍ പറയുന്നു.

വടക്കഞ്ചേരിയില്‍ മാത്രം രണ്ടുവർഷത്തിനുള്ളില്‍ നൂറോളം കടകള്‍ കച്ചവടം ഇല്ലാതെ പൂട്ടിയിട്ടുണ്ടെന്നാണ് കണക്ക്. നാട്ടിലെ റോഡ് വികസനം ഉള്‍പ്പെടെ വികസനകാര്യങ്ങളില്‍ സർക്കാരിന്‍റെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നാണ് ആവശ്യം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol

Share this News
error: Content is protected !!