

വടക്കഞ്ചേരി പുതിയ ഇലകൾവന്ന് മൂപ്പെത്തുന്നതോടെ ഉത്പാദനം കൂടുമെന്ന കണക്കുകൂട്ടലുകൾക്ക് വിരുദ്ധമായി ഉയർന്ന ചൂടിനെത്തുടർന്ന് ഉത്പാദനം കുത്തനെ കുറഞ്ഞതോടെ മലയോര മേഖലയിൽ റബ്ബർ കർഷകർ ടാപ്പിങ് നിർത്തുകയാണ്.
മുൻവർഷങ്ങളിൽ ഫെബ്രുവരി അവസാനം വരെ ടാപ്പിങ് ചെയ്തിരുന്നതാണെന്നു കർഷകർ പറയുന്നു. ചൂടിനുപുറമേ വൈകിയെത്തിയ ഇലകൊഴിച്ചിലും ഉത്പാദനം കുറയ്ക്കാനിടയായെന്ന് കർഷകർ പറയുന്നു. ഡിസംബർ, ജനുവരി മാസങ്ങളിൽ ഇലകൊഴിഞ്ഞ് പുതിയ ഇലകൾ വരേണ്ടതാണ്. പലയിടത്തും ഇലകൊഴിഞ്ഞ് പുതിയ ഇലകൾ വരുന്നതേയുള്ളൂ. ചിലയിടങ്ങളിൽ ഇലകൊഴിഞ്ഞുനിൽക്കുന്ന സ്ഥിതിയാണ്.
ഇലകൊഴിയുന്ന സമയത്ത് ഉത്പാദനം കുറയുമെങ്കിലും ജനുവരി അവസാനത്തോടെ പുതിയ ഇലകൾവന്ന് മൂപ്പെത്തുന്നതോടെ ഉത്പാദനം കൂടിത്തുടങ്ങും. ഇത്തവണ ഇലകൊഴിഞ്ഞപ്പോഴേക്കും ചൂടും കൂടി. ഇതാണ് ഉത്പാദനം കുത്തനെ കുറയാനിടയാക്കിയത്. നേരത്തേ ഇലകൊഴിഞ്ഞ് പുതിയ ഇലകൾവന്ന തോട്ടങ്ങളിലും ചൂടിനെത്തുടർന്ന് ഉത്പാദനം കുറയുന്ന സ്ഥിതി ആശങ്കയുയർത്തുന്നുണ്ട്.
800 മരത്തിൽനിന്ന് 45-50 ഷീറ്റ് കിട്ടിയിരുന്നത് 20-25 ഷീറ്റായി ചുരുങ്ങിയതോടെ മുന്നോട്ടുപോകാനാകില്ലെന്ന് ടാപ്പിങ് നിർത്തിയ കിഴക്കഞ്ചേരി കോട്ടേക്കുളത്തെ റബ്ബർ കർഷകൻ ബിജു തെക്കുമ്പുറം പറയുന്നു.
.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol
