

വടക്കഞ്ചേരി ; സപ്ലൈകോ നെല്ലുസംഭരിക്കാത്തതിനാൽ കർഷകർ നഷ്ടംസഹിച്ച് നെല്ല് സ്വകാര്യമില്ലുകാർക്ക് വിൽക്കുന്നു.കണ്ണമ്പ്ര കാരപ്പൊറ്റ പാടശേഖരത്തിൽ കൊയ്ത്തുകഴിഞ്ഞ് ഒരുമാസമായിട്ടും സപ്ലൈകോ നെല്ലുസംഭരിക്കാത്തതിനാലാണ് കർഷകർ സ്വകാര്യ മില്ലുകാർക്ക് നെല്ല് വിൽക്കുന്നത്.
കാരപ്പൊറ്റ പാടശേഖരത്തിൽ 109 കർഷകരാണുള്ളത്. 10പേർ നെല്ല് സ്വകാര്യ മില്ലുകാർക്ക് വിറ്റു. കിലോഗ്രാമിന് 28.20 രൂപയാണ് സർക്കാരിന്റെ താങ്ങുവില. സ്വകാര്യ മില്ലുകർക്ക് വിൽക്കുമ്പോൾ കർഷകർക്ക് പരമാവധി ലഭിക്കുന്നത് 23 രൂപയാണ്. നെല്ല് സൂക്ഷിച്ചുവെക്കുന്നതിൽ പ്രായോഗിക പ്രയാസമുള്ളതിനാൽ മറ്റുകർഷകർക്കും അധികനാൾ കാത്തിരിക്കാനാവാത്ത സ്ഥിതിയാണ്. കനാൽവെള്ളം കിട്ടാത്തതിനാൽ നേരത്തേ കൃഷിതുടങ്ങുന്ന പ്രദേശമാണ് കാരപ്പൊറ്റ പാടശേഖരം.
ജനുവരി ആദ്യ ആഴ്ചയോടെ കാരപ്പൊറ്റയിൽ ഭൂരിഭാഗം കർഷകരുടെയും കൊയ്ത്ത് കഴിഞ്ഞിരുന്നു. കൃഷിഭവൻ പരിശോധിച്ച് 50 ശതമാനം കൊയ്ത്തുകഴിഞ്ഞതായി സ്ഥിരീകരിക്കുമ്പോഴാണ് സപ്ലൈകോ നെല്ലുസംഭരണത്തിനുള്ള നടപടികൾ തുടങ്ങുക.
ജനുവരി ആദ്യ ആഴ്ചയിൽ ഭൂരിഭാഗം കൊയ്ത്ത് കഴിഞ്ഞെങ്കിലും 50 ശതമാനം കൊയ്ത്ത് കഴിഞ്ഞെന്ന് കണ്ണമ്പ്ര കൃഷിഭവനിൽനിന്ന് സ്ഥിരീകരിച്ചത് ജനുവരി 23നാണ്. ഇതിനു ശേഷവും സംഭരണം നടക്കാതായതോടെ കർഷകർ പ്രതിഷേധവുമായി കണ്ണമ്പ്ര കൃഷിഭവനിലെത്തി. ഇതേത്തുടർന്ന് കൊയ്ത്ത് കഴിഞ്ഞതായി കാണിച്ച് ജനുവരി 27-ന് കൃഷിഭവനിൽനിന്ന് സപ്ലൈകോയ്ക്ക് വീണ്ടും കത്തുനൽകി. ഇപ്പോഴും നടപടിയായിട്ടില്ല.
കാരപ്പൊറ്റയിൽനിന്ന് നെല്ലുസംഭരിക്കുന്നതിനായി മില്ല് അലോട്ടുചെയ്തിട്ടുണ്ടെന്നും അടുത്തദിവസംതന്നെ ഫീൽഡ് ഓഫീസറെ ഇവിടേക്ക് അയയ്ക്കുമെന്നും സപ്ലൈകോ അധികൃതർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol
