

ദേശീയപ്രസ്ഥാനത്തിന് തരൂർ സംഭാവന നൽകിയ ക്വിറ്റിന്ത്യാ സമര നായകൻ കോമ്പുക്കുട്ടി മേനോൻ 1946 ഫെബ്രുവരി 17 ന് അലിപ്പൂർ ജയിലിൽ രക്തസാക്ഷിത്വം വരിച്ചത് അനുസ്മരിച്ചു കൊണ്ടാണ് അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള വായനശാലയുടെ ആഘോഷത്തിന് തുടക്കമായത്. രാജ്യ സേവനത്തിനു ശേഷം വിരമിച്ച തരൂർ ദേശക്കാരായ 23 സൈനികരേയും തരൂർ ഗ്രാമപ്പഞ്ചായത്തിലെ 32 ഹരിത കർമ്മ സേനാംഗങ്ങളേയും ചടങ്ങിൽ ആദരിച്ചു.
പി.പി. സുമോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തരൂരിൻ്റെ പ്രാദേശിക ചരിത്രം രേഖപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഹരിത ഗ്രന്ഥശാല പ്രഖ്യാപനം എം.എൽ.എ. നിർവ്വഹിച്ചു. മുൻ ഡി.ജി.പി. ഋഷിരാജ് സിംഗ് വിശിഷ്ടാതിഥിയായി. രാജ്യത്തിൻ്റേയും രാജ്യത്തെ രൂപപ്പെടുത്തിയ മഹാരഥന്മാരുടേയും ചരിത്രം പുതുതലമുറ മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.കെ. ജയപ്രകാശ് അനുസ്മരണം നടത്തി. കോമ്പുക്കുട്ടി മേനോൻ്റെ രക്തസാക്ഷിത്വം എന്നും ആത്മാഭിമാനം പകരുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നലെകളിൽ നാം കടന്നുവന്ന വഴിയിലേക്കുള്ള തിരിഞ്ഞുനോട്ടം മുന്നോട്ടുള്ള പ്രയാണത്തെ പ്രചോദിപ്പിക്കുമെന്ന് നടി ഗായത്രി വർഷ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
എമ്പതാം വർഷത്തിൽ 80 ഇന കർമ്മപരിപാടികൾ ഗ്രന്ഥശാല നടപ്പാകുമെന്ന് അധ്യക്ഷനായിരുന്ന ഗ്രന്ഥാലയം പ്രസിഡൻ്റ് കെ.ജി. രാജേഷ് പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ഇ. രമണി, ക്ഷേമകാര്യ സമിതി അധ്യക്ഷൻ ജി ചെന്താമരക്ഷൻ, വായനശാല സെക്രട്ടറി എ. സഹദേവൻ, വൈസ് പ്രസിഡൻ്റ് ടി.കെ. വിശ്വനാഥൻ, ജോ. സെക്രട്ടറി കെ. കൃഷ്ണൻ, കെ.പി. കേശവ മേനോൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഇ.പി. ചിന്നക്കുട്ടൻ എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
