

വടക്കഞ്ചേരി കടപ്പാറക്കടുത്ത് തിപ്പിലിക്കയത്തും കാട്ടാനകളുടെ വിളയാട്ടം. കടപ്പാറയില്‍ നിന്നും തളികക്കല്ല് ആദിവാസി കോളനിയിലേക്ക് പോകുന്ന വഴിയിലാണ് കഴിഞ്ഞരാത്രി ആനക്കൂട്ടം എത്തിയത്.
റോഡിലുള്ള പോത്തൻകോട് പാലത്തിലും സമീപത്തും ആനക്കൂട്ടം തങ്ങിയതിന്‍റെ ലക്ഷണങ്ങളുണ്ട്. കടപ്പാറ ആലിങ്കല്‍ വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലും കഴിഞ്ഞരാത്രി എത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു. വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികള്‍ നടന്നുപോകുന്ന വഴികളിലാണ് കാട്ടാനക്കൂട്ടമെത്തുന്നത്. ഇവിടങ്ങളിലെ തോട്ടങ്ങളിലുള്ള വിളകളും ആനകള്‍ നശിപ്പിച്ചിട്ടുണ്ട്.
വെള്ളമുള്ള കാട്ടുചോലകളുള്ള പ്രദേശമാണ് ഇവിടെയെല്ലാം. വെള്ളവും തീറ്റയും തേടിയാണ് ആനകള്‍ എത്തുന്നത്. ഈ ചോലകളില്‍ നിന്നാണ് ഹോസു വഴി താഴെ മൂർത്തിക്കുന്നിലെ ആദിവാസി കുടുംബങ്ങള്‍ക്കുള്ള കുടിവെള്ളം ലഭ്യമാക്കുന്നതെന്ന് മൂപ്പൻ വാസു പറഞ്ഞു.
കൃഷിഭൂമിക്കും വീടിനുമായി എട്ട് വർഷത്തിലേറെയായി സമരം തുടരുന്ന മൂർത്തിക്കുന്നിലെ സമരപന്തലിലേക്കുള്ള വെള്ളവും ചോലകളില്‍നിന്നാണ് ലഭ്യമാക്കുന്നത്. ആനകളെ ഉള്‍ക്കാട്ടിലേക്ക് കയറ്റിവിടാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
