

വടക്കഞ്ചേരി വേനൽ ചൂടിന് കുളിരേകാൻ മലയാളിയുടെ പ്രിയപ്പെട്ട
തണ്ണിമത്തൻ കൃഷിയിൽ
വിജയഗാഥ രചിച്ചിരിക്കുകയാണ് രണ്ടു ചെറുപ്പക്കാർ.
വടക്കഞ്ചേരി പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും പിന്തുണയോടെ
കാടുമൂടി കിടന്നിരുന്ന തരിശുഭൂമിയില്‍ അസാധ്യമെന്ന് കരുതിയ തണ്ണിമത്തൻ കൃഷി ചെയ്ത് പ്രവാസികളായ യുവാക്കളുടെ നൂറുമേനി വിജയം.
മുടപ്പല്ലൂർ മാത്തൂർ സ്വദേശി മുപ്പത്തിയെട്ടുകാരനായ ഷിബു സമപ്രായക്കാരനായ ആലപ്പുഴ സ്വദേശി അജോഷുമാണ് പാലക്കാടൻ പാടങ്ങള്‍ക്ക് അപൂർവ കാഴ്ച സമ്മാനിച്ച് കർഷകരുടെ കൈയടി നേടിയിട്ടുള്ളത്.
പന്നിക്കൂട്ടങ്ങളും മയിലും കുറുക്കൻമാരും താവളമാക്കിയിരുന്ന പൊന്തക്കാടായ വള്ളിയോട് സെന്‍ററിനടുത്തെ 1.35 ഏക്കർ ഭൂപ്രദേശം പാട്ടത്തിനെടുത്തു കൃഷിക്കായി ഒരുക്കിയാണ് തണ്ണിമത്തൻകൃഷി ചെയ്തത്.
ഇവരുടെ തണ്ണിമത്തൻ വിളവെടുപ്പ് വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സുരേഷ് ഉദ്ഘാടനം ചെയ്തു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ രശ്മി ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ജ്യോതി, പഞ്ചായത്ത് അംഗങ്ങളായ വർഗീസ് കുട്ടി, സുമിത ഷഹീർ, ഫൗസിയാ, സേതുമാധവൻ, ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
16 ടണ്‍ തണ്ണിമത്തൻ ഇതിനകം വിളവെടുപ്പു നടത്തി. കൊടുങ്ങല്ലൂരിലെ മൊത്തവ്യാപാര കേന്ദ്രത്തിലേക്കാണ് ഇവിടെനിന്നും കയറ്റിപ്പോകുന്നത്.
മൂന്നുകിലോ മുതല്‍ അഞ്ചുകിലോവരെ തൂക്കംവരുന്ന കായ്കളായതിനാല്‍ ഇവരുടെ തണ്ണിമത്തന് ഡിമാന്‍റും കൂടുതലാണ്. ഒന്നേകാല്‍ ഏക്കറിലാണ് തണ്ണിമത്തന്‍റെ എണ്ണായിരം തൈകള്‍ നട്ടിരുന്നത്.
നല്ല ചുവപ്പു കളറും മധുരവും ഗുണമേന്മയുമുള്ള കിരണ്‍ മെലഡി എന്ന ഇനമാണ് കൃഷിചെയ്തത്. പുതയിട്ട് തുള്ളി നന കൃഷിരീതിയാണ് നടത്തിയതെന്നു യുവാക്കള്‍ പറഞ്ഞു.
അഹമ്മദാബാദില്‍ നിന്നാണ് ഈ ഹൈബ്രീഡ് വിത്ത് കൊണ്ടുവന്നത്. ഒരു കിലോ വിത്തിന് 40,000 രൂപ വിലയായി. രണ്ടാള്‍ ഉയരത്തില്‍ കാടുമൂടി കിടന്നിരുന്ന സ്ഥലം വെട്ടിയൊതുക്കി തണ്ണിമത്തൻകൃഷി ചെയ്യാനാണെന്ന് പറഞ്ഞപ്പോള്‍ പലരും ഈ യുവാക്കളെ പരിഹസിച്ചു.
എന്നാല്‍ സമീപവാസികളായ പഞ്ചായത്ത് മെംബർ സേതുമാധവനും റിട്ടയേഡ് കൃഷി അസിസ്റ്റന്‍റ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ളവർ യുവാക്കള്‍ക്ക് പിന്തുണയുമായെത്തിയതോടെ യുവാക്കള്‍ക്കും ആവേശമായി.
മണ്ടത്തരം എന്നൊക്കെ പറഞ്ഞ് യുവാക്കളെ പരിഹസിച്ചവർ ഇപ്പോള്‍ മധുരമൂറുന്ന ഇവിടുത്തെ തണ്ണിമത്തന്‍റെ ആവശ്യക്കാരാണ്. നെന്മാറയിലും കിഴക്കഞ്ചേരിയിലുമായി എട്ട് ഏക്കറില്‍കൂടി ഇവർ തണ്ണിമത്തൻകൃഷി ചെയ്തിട്ടുണ്ട്.
ഇതിന്‍റെ വിളവെടുപ്പിന് ഒന്നരമാസംകൂടി കഴിയുമെന്നു ഷബു പറഞ്ഞു.കൊല്ലങ്കോട്, മാത്തൂർ തുടങ്ങിയ സ്ഥലങ്ങളില്‍ ഇവർക്ക് എട്ടേക്കറില്‍ പപ്പായ കൃഷിയുമുണ്ട്.
കൃഷി പരീക്ഷണങ്ങള്‍ക്കായാണ് അജേഷ് ആലപ്പുഴയില്‍ നിന്നും പാലക്കാട്ടെത്തിയത്. ഇവിടെ മാത്തൂരില്‍ പപ്പായ കൃഷി ചെയ്യുന്നതിനിടയാണ് വാട്ടർ പ്യൂരിഫൈ ജോലി ചെയ്തിരുന്ന ഷിബുവുമായി അജോഷ് പരിചയപ്പെടുന്നത്.
പിന്നെ വൈകാതെ ഇവർ കൃഷിയില്‍ ചങ്ങാതിമാരാവുകയായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
