മോഷണ കേസിലെ പ്രതി പിടിയിൽ
ചെറുകുന്നം വക്കാല ഭാഗങ്ങളിൽ നിന്ന് ഉറങ്ങികിടന്നവരുടെ കഴുത്തിൽ നിന്ന് മാല മോഷ്ടിച്ച കേസിൽ ഇടുക്കി വാത്തുക്കുടി മേലേ ചിന്നാർ ജിജോ (43) ആണ് മംഗലംഡാം പൊലീസിന്റെ പിടിയിലായത്.
2022 ഫെബ്രുവരി 12 നാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന വക്കാല കോയിതറ തങ്ക (71) യുടെ 10 ഗ്രാം സ്വർണ മാലയും ചെറുകുന്നം മോഹനന്റെ മകൾ അനുശ്രീ (31)യുടെ 3 പവൻ സ്വർണ മാലയുമാണ് പ്രതി കവർന്നത്. തൃശൂരിലെ ഒരു സ്വകാര്യ ജ്വല്ലറിയിൽ നിന്ന് ആഭരണങ്ങൾ കണ്ടെടുത്തു. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 25 ഓളം മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ. 5 വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ . ഫെബ്രുവരി 12 ന് വടക്കഞ്ചേരിയിൽ ബസ് ഇറങ്ങിയ പ്രതി ഓട്ടോയിൽ വക്കാല തൊഴുത്ത് മുക്ക് വരെ വന്നു. ഓട്ടോ പോയതിന് ശേഷം വന്ന വഴിയെ തന്നെ തിരിച്ച് നടന്ന ഇയാൾ ആദ്യം വീട്ടിൽ ഉറങ്ങിക്കിടന്ന തങ്കയുടെ മാലപൊട്ടിച്ച് ഓടി . പിന്നീട് ചെറുകുന്നം മോഹനന്റെ വീട്ടിൽ കയറി മകൾ അനുശ്രീയുടെ മാലയും പൊട്ടിച്ച് പോവുകയായിരുന്നു. മാലപൊട്ടിച്ച് പോകുന്ന വഴി ചെറുകുന്നത്തെ പലചരക്ക് കടയിലുള്ള സി സി ടി വി ക്യാമറയിലും കണിയ മംഗലം ഭാഗത്തുള്ള സി സി ടി വി ക്യാമറയിലും ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പിൻതുടർന്ന് കൊണ്ടുള്ള അന്വേഷണത്തിനൊടുവിലാണ് തിങ്കളാഴ്ച വൈകുന്നേരം മുവാറ്റുപുഴയിൽ വെച്ച് പ്രതി പിടിയിലായത്. മംഗലംഡാം സി ഐ കെ.ടി. ശ്രീനിവാസൻ ,എസ് ഐ നീൽ ഹെക്ടർ ഫെർണാണ്ടസ്, എ എസ് ഐ ആർ.ജയപ്രകാശ്, എസ്.അബ്ദു റഷീദ്, എം.റിയാസ്, വി.പ്രജിത് കുമാർ , എം. പ്രമോദ്, കെ.ജി. പ്രജോഷ് , പി.ശിവദാസ് എന്നിവരുടെ സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രാദേശിക വാർത്ത whatsapp ൽ ലഭിക്കുന്നതിന് Link Click ചെയ്യുക👇
https://chat.whatsapp.com/Db1e847uxmJ48wOBc1LOMM