
റിപ്പോർട്ട് : സന്തോഷ് കുന്നത്ത്
കടപ്പാറ മൂർത്തിക്കുന്ന് ആദിവാസിഊരിൽ കുരങ്ങുശല്യം രൂക്ഷം. മുപ്പതും നാൽപ്പതും വരുന്ന കുരങ്ങുകളാണ് കൂട്ടമായി എത്തുന്നത്. സമരപ്പന്തലിന് മുന്നിലെ വനഭൂമിയിൽ കൃഷി ചെയ്ത നേന്ത്രവാഴ, കുരുമുളക്, കവുങ്ങ്, കിഴങ്ങുവർഗങ്ങൾ തുടങ്ങിയ വിളകളാണ് ഇവ കൂട്ടമായെത്തി നശിപ്പിക്കുന്നത്.
വാഴയിലിരുന്ന് വാഴയും മറിച്ചിടും.അടക്ക മൂപ്പെത്തും മുൻപ് കടിച്ചു നീരൂറ്റി കുടിക്കുന്നതും പതിവാണ്. കുരങ്ങുകൾ തെങ്ങിൽകയറി കരിക്ക് പ്രായമുള്ള നാളികേര മെല്ലാം നശിപ്പിക്കും. വൈകുന്നേരമായാൽ ആനയേയും പേടിക്കണം. വേനൽ കടുക്കുന്നതോടെ വെള്ളം തേടിയെത്തുന്ന വന്യമൃഗങ്ങളുടെ ശല്യവും ഇനി രൂക്ഷമാകും.
പകലന്തിയോളം മണ്ണിനോട് മല്ലടിച്ച് അധ്വാനിക്കണം. രാത്രിയിൽ വന്യമൃഗങ്ങളെ തുരത്താൻ കാവലിരിക്കണം. എന്നാൽ മാത്രമെ കൃഷിയിടത്തിൽ നിന്ന് എന്തെങ്കിലുമൊക്കെ ആദായം ലഭിക്കൂയെന്ന് നാട്ടുകാർ പറയുന്നു.
കുടിവെള്ളം ലഭിക്കാനായി ഉൾക്കാട്ടിലെ ചോലയിൽ നിന്ന് ഇട്ടിരിക്കുന്ന ഹോസും നിത്യേന റിപ്പയർ ചെയ്യേണ്ട അവസ്ഥയാണ്. ആനയും കാട്ടുപോത്തും കാട്ടുപന്നിയും കുരങ്ങുമെല്ലാം ഉൾക്കാട്ടിൽ നിന്ന് കൃഷിയിടത്തിലിറങ്ങുന്നത് തങ്ങളുടെ ജീവനും ഭീഷണിയാണെന്ന് ഊര് മൂപ്പൻ വാസു പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
