നാടാകെ തീപിടുത്തം 300 ഏക്കർ കണ്ണമ്പ്ര വ്യവസായ പാര്‍ക്ക് കാടുമൂടി ഉണങ്ങിയ നിലയിൽ ഭീതിയിൽ പ്രദേശവാസികൾ

Share this News




വടക്കഞ്ചേരി ;കടുത്ത വേനലിൽ നാടാകെ തീപിടുത്തം നടക്കുമ്പോൾ
കണ്ണമ്പ്രയിലെ നിര്‍ദിഷ്ട വ്യവസായ പാര്‍ക്ക് ഭൂപ്രദേശം തീപിടിത്ത ഭീഷണിയിലാണ്.

      വടക്കഞ്ചേരി കണ്ണമ്പ്രയില്‍ വ്യവസായ പാർക്കിനായി ഏറ്റെടുത്ത ഭൂമിമുഴുവൻ പൊന്തക്കാടുകയറിയ നിലയിൽ ഉണങ്ങി വരണ്ട് ഏതു സമയത്തും തീപിടിത്തമുണ്ടാവുമെന്ന അവസ്ഥയിലാണ്.300 ഏക്കർ ഭൂമിയും കാടുമൂടിയ നിലയിലായി.
മഴയില്ലാത്തതിനാല്‍ കാടു മുഴുവൻ കരിഞ്ഞാണു നില്‍ക്കുന്നത്.

പൊന്തക്കാടുകള്‍ക്ക് മുകളിലൂടെ പലയിടത്തും വൈദ്യുതി ലൈനുകള്‍ പോകുന്നുണ്ട്.

കാറ്റടിക്കുമ്പോൾ കമ്പികള്‍ കൂട്ടിമുട്ടി തീപ്പൊരിവീണ് തീപിടിത്തത്തിനും അതുകാരണമാകും. വലിയ വീടുകളും റബർ, തെങ്ങ് തോട്ടങ്ങളുമൊക്കെയാണ് ഇവിടെ നാഥനില്ലാത്തവിധമായിട്ടുള്ളത്.

കഴിഞ്ഞവർഷം മാർച്ച്‌ മാസത്തില്‍ 200 ഏക്കറോളം പ്രദേശത്ത് തീപടർന്നിരുന്നു. പൊന്തക്കാടുകളും പുല്ലും ഉണങ്ങി രണ്ടാള്‍ പൊക്കത്തിലാണ് പ്രദേശമുള്ളത്.

ഏറ്റെടുത്ത വലിയ ഇരുനില വീടുകളെല്ലാം കാടുമൂടി നശിച്ചു. തീപിടുത്തമുണ്ടായാല്‍ ഈ വീടുകളും കത്തിനശിക്കും. തീപിടിത്തത്തില്‍ തങ്ങളുടെ വീടിനും വിളകള്‍ക്കും നാശമുണ്ടാക്കുമെന്ന ഭയമാണ് സമീപവാസികള്‍ക്കുള്ളത്

പൊന്തക്കാടുകളില്‍ പന്നി കൂട്ടങ്ങളും മയില്‍കൂട്ടങ്ങളുമാണ്. രാപകല്‍ വ്യത്യാസമില്ലാതെ പന്നിക്കൂട്ടങ്ങള്‍ റോഡിനുകുറുകെ പാഞ്ഞ് അപകടങ്ങളും നിത്യസംഭവമായിട്ടുണ്ട്.

പാമ്പും മറ്റു ഇഴജന്തുക്കളുമായി സമീപവാസികളുടെ സ്വൈര്യജീവിതവും അവതാളത്തിലാണ്.

റോഡരികിലെ തെങ്ങുകളില്‍നിന്നും ഉണങ്ങിയ പട്ടകളും നാളികേരവും വീണ് ഇതുവഴി പോകുന്ന യാത്രക്കാർക്ക് പരിക്കേല്‍ക്കുന്ന സ്ഥിതിയുണ്ട്. 2016 ലാണ് വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സർക്കാർ ആരംഭിച്ചത്.

രണ്ടുവർഷത്തിനുള്ളില്‍ വ്യവസായ പാർക്ക് യാഥാർഥ്യമാക്കുമെന്ന് 2023 ഡിസംബറില്‍ സംസ്ഥാന സർക്കാർ നടത്തിയ നവകേരളയാത്രയില്‍ പ്രഖ്യാപനമുണ്ടായിരുന്നു.

എന്നാല്‍ ഒടുവിലത്തെ ഉറപ്പിന്‍റെ കാലാവധിയും തീരാൻ മാസങ്ങള്‍മാത്രം ശേഷിക്കെ പ്രദേശത്ത് ഒന്നുംനടക്കുന്നില്ല.

കാർഷിക വിളകള്‍ നിറഞ്ഞുനിന്നിരുന്ന ഭൂമിയാണ് വ്യവസായ പാർക്കിനായി ഏറ്റെടുത്തത്. ഇനി തരംമാറ്റി വ്യവസായങ്ങള്‍ക്കായി രൂപപ്പെടുത്തേണ്ടതുണ്ട്.

ഏറ്റെടുത്ത ഭൂമിയില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാണു ജനാവശ്യം

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!