മൂന്നു പതിറ്റാണ്ടായി കർഷകർ തടയണ സംരക്ഷിക്കുന്നു പുത്തൻകുളമ്പ് മേഖലയിൽ വേനലിലും ജലസമൃദ്ധി

Share this News

✍️റിപ്പോർട്ട് : സന്തോഷ് കുന്നത്ത്




വടക്കഞ്ചേരി; മൂന്നു പതിറ്റാണ്ടായി കർഷകർ  സംരക്ഷിക്കുന്ന പുത്തൻകുളമ്പ് തടയണ കേരളത്തിന്‌ തന്നെ മാതൃകയാണ്.
ഏതുസമയവും പുഴയില്‍ വെള്ളമുള്ളതിനാല്‍ പ്രദേശത്തെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പുയർന്നുനില്‍ക്കുന്നു. കണിയമംഗലത്ത് ചെറുകുന്നം പുഴയ്ക്കുകുറുകെ കർഷകരുടെ സംരക്ഷണയിലുള്ള പുത്തൻകുളമ്പ് തടയണയില്‍ വേനലിലും ജലസമൃദ്ധിയാണ്. ഒന്നരകിലോമീറ്റർ ദൂരവും വെള്ളം നിറഞ്ഞു നില്‍ക്കുന്നു.
കാർഷികാവശ്യങ്ങള്‍ക്കായാണ് പ്രദേശത്തെ 22 കർഷകർ സംഘടിച്ച്‌ തടയണസംരക്ഷണം നടത്തുന്നത്. പറമ്പുകളിലെ വിളകള്‍ക്കുള്ള ജലസേചനവും തടയണവെള്ളം ഉപയോഗിച്ചാണ്.
30 വർഷത്തിലേറെയായി കർഷകരാണ് ഈ തടയണയുടെ സംരക്ഷകർ. ഓരോ വർഷവും കർഷകർ പിരിവെടുത്തു ഷട്ടറുകളുടെയും മറ്റും അറ്റകുറ്റപണി നടത്തും. അഞ്ചുഷട്ടറുകളാണ് തടയണക്കുള്ളത്.
ഈ വർഷം അറ്റകുറ്റപണികള്‍ക്ക്‌ കൂടുതല്‍പണം ചെലവഴിക്കേണ്ടി വന്നതായി കർഷകരായ തട്ടാംപടവ് പുത്തൻപുരയില്‍ സാജു, ബാബുരാജ് എന്നിവർ പറഞ്ഞു. തടയണ സംരക്ഷണത്തിനു മറ്റെവിടെ നിന്നും സഹായങ്ങളില്ലാത്തതിനാല്‍ ഓരോവർഷവും വലിയ തുക പിരിവെടുക്കണം.


പുത്തൻകുളമ്പ് മേഖലയിൽ ഈ തടയണ ഉള്ളതിനാൽ
വേനലിലും ജലസമൃദ്ധിയാണ്.
പ്രദേശത്തെ കുട്ടികള്‍ക്കു നീന്തല്‍ പഠിക്കാനും കുളിക്കാനും തുണികഴുകാനും മാടുകളെ കുളിപ്പിക്കാനുമെല്ലാം വെള്ളം യഥേഷ്ടം.
പ്രദേശത്തെ പച്ചപ്പിനും ചന്തമേറെ. മേഖലയില്‍ കുടിവെള്ളക്ഷാമവുമില്ല.  മംഗലംഡാമില്‍ നിന്നുള്ള ലീക്ക് വെള്ളമാണ് ഇവിടെ ഒഴുകിയെത്തുന്നത്.
ജനുവരി അവസാനത്തോടെ തടയണയുടെ അറ്റകുറ്റപ്പണികള്‍ നടത്തി ജലസംഭരണം തുടങ്ങും.
അവധി ദിവസങ്ങളില്‍ കുട്ടികളുടെ നീരാട്ടാണ് തടയണയില്‍. ഇതിനാല്‍ നീന്തല്‍ അറിയാത്തവരും പ്രദേശത്തില്ല. കഷ്ടി ഒരാളുടെ ഉയരത്തിലെ വെള്ളമുണ്ടാകൂ. ഇത് നീന്തല്‍ പഠിക്കാനെത്തുന്നവർക്കും സൗകര്യമാണ്.
തടയണയിലെ വെള്ളം കുറയുന്ന ഏപ്രില്‍ മാസങ്ങളില്‍ മംഗലംഡാമില്‍നിന്നും പുഴയിലേക്കു വെള്ളം ഒഴുക്കിയാല്‍ മേഖലയിലെ കാർഷിക മേഖലയ്ക്ക് വലിയ അനുഗ്രഹമാകുമെന്നാണു കർഷകർ ചൂണ്ടിക്കാട്ടുന്നത്.
     പാഴായി പോകുമായിരുന്ന ജലം സർക്കാർ നടപടിക്ക് കാത്തുനിൽക്കാതെ കർഷർ തന്നെ സംരക്ഷിച്ച് ഉപയോഗപ്പെടുത്തുന്നത് അനുകരണീയ മാതൃകയാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!