കടുത്ത ചൂടിൽ പറവകള്‍ക്കും ജീവജാലങ്ങള്‍ക്കും ദാഹജലമൊരുക്കി ഹാഫിസ് അഹമ്മദ്

Share this News




വടക്കഞ്ചേരി; പക്ഷി നിരീക്ഷണം ശീലമാക്കിയ
ഏഴാം ക്ലാസുകാരൻ ഹാഫിസ് അഹമ്മദ് കടുത്ത ചൂടിൽ
പറവകള്‍ക്കും ജീവജാലങ്ങള്‍ക്കും ദാഹജലമൊരുക്കി അവർക്ക് കരുതലാവുകയാണ്.
ചൂടുകൂടി എവിടേയും വെള്ളംവറ്റിയതോടെ  ഹാഫിസ് അഹമ്മദിനെ തേടിയെത്തുന്ന ജീവജാലങ്ങളുടെ  എണ്ണവും കൂടി.

രാവിലെ സ്കൂളിലേക്കു പോകാനുള്ള ഒരുക്കങ്ങള്‍ക്കൊപ്പം വീട്ടുവളപ്പിലെ പറവകള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കുമായി കരുതുന്ന ദാഹജലപാത്രങ്ങളില്‍ വെള്ളം നിറയ്ക്കണം.

പറമ്പില്‍ പലയിടത്തായി മണ്‍ചട്ടികള്‍ തൂക്കിയിട്ട് അതിലാണ് വെള്ളം നിറച്ചുവയ്ക്കുന്നത്.

ചെറുപക്ഷികള്‍ വെള്ളം കുടിക്കുന്നതിനൊപ്പം കുളിച്ചു ചന്തക്കാരികളായാണ് തിരിച്ചുപോവുക. ചിറകടിച്ചുള്ള കുളിയില്‍ കുറെ വെള്ളം താഴേക്ക് ഒഴുകിപ്പോകും.

ഇതിനാല്‍ ചട്ടികളിലെ വെള്ളവും വേഗത്തില്‍വറ്റും. വൈകുന്നേരം സ്കൂളില്‍നിന്നു തിരിച്ചെത്തിയാലും ചട്ടികളില്‍ വെള്ളംനിറയ്ക്കലാണ് ആദ്യം ചെയ്യുക. പരീക്ഷയില്ലാത്ത ദിവസം പക്ഷി നിരീക്ഷണവും ഹാഫിസിന് ഇഷ്ടപ്പെട്ട വിനോദമാണ്. പക്ഷികള്‍ കുളിച്ച്‌ അവ ചിറകുകള്‍ ഉണക്കുന്നതും അന്തരീക്ഷത്തിലെ അസഹനീയമായ ചൂടില്‍ കുളിച്ച്‌ കിളികള്‍ പ്രകടിപ്പിക്കുന്ന സന്തോഷവും സുഖവും ഹാഫിസ് അടുത്തുനിന്നു കാണുന്ന കൗതുക കാഴ്ചകളാണ്.

ഹാഫിസിനെ പക്ഷികള്‍ക്കും ഇഷ്ടമാണ്. അടുത്തു ചെന്നാലും പറന്നു പോകില്ല. അവർക്കറിയാം അവൻ വരുന്നത് തങ്ങൾക്കുള്ള വെള്ളവുമയാണെന്ന്. അണ്ണാൻപടയും ദാഹജലംതേടി എത്താറുണ്ടെന്ന് ഹാഫിസ് പറഞ്ഞു.

മംഗലംഡാം ലൂർദ്മാതാ ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ഈ കൊച്ചു മിടുക്കൻ.

ഹാഫിസിന്‍റെ ഈ പക്ഷിസ്നേഹംകണ്ട് കൂട്ടുകാരും അവരുടെ വീടുകളില്‍ ഈ സത്പ്രവൃത്തി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

പൊതുപ്രവർത്തകനായ ഗഫൂർ മുടപ്പല്ലൂരിന്‍റെ മകനാണ് ഹാഫിസ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!