ഈസ്റ്റർ സന്ദേശം; ക്രിസ്തുവിന്റെ ഉയിർപ്പ്, മുഴുവൻ മനുഷ്യ വർഗത്തിന്റെയും

Share this News


വടക്കഞ്ചേരി; പരിശുദ്ധ വലിയ നോമ്പിന് സമാഗതമായിരിക്കുന്നു.  പരിസമാപ്തിയായ കർത്താവിന്റെ പുനരുദ്ധാന മനുഷ്യാവതാര പെരുന്നാൾ ലക്ഷ്യം നിറവേറ്റുമ്പോൾ അതിന്റെ പാരമ്യമായി വരുന്നത് ഈ പുനരുദ്ധാനമാണ്. പുനരുദ്ധാനം ആദിയിൽ ദൈവത്തിൽ നിന്നകന്ന് മരത്തിന്റെ മറവിൽ ഒളിച്ചിരുന്ന മനുഷ്യന് അന്ന് ദൈവം നൽകിയ വാഗ്ദത്തത്തിന്റെ നിർവ്വഹണമായ, ‘സ്ത്രീയുടെ സന്തതിയുടെ’ ബലിയിലൂടെ തിരികെ ദൈവത്തോട് ചേർക്കുന്ന അത്യത്ഭുതകരമായ സംഭവമാണ്. ദൈവം മനുഷ്യനായി അവതരിച്ചു എന്നതുപോലെ തന്നെ അത്ഭുതകരമാണ് മരിച്ചയാൾ ജീവനോടെ തിരികെ വന്നു എന്നത്. അതാണിവിടെ സംഭവിച്ചത്. ക്രിസ്തുവിന്റെ ഉയിർപ്പ് മനുഷ്യ വർഗ്ഗത്തിന്റെ മുഴുവൻ തത്വത്തിലുള്ള ഉയിർപ്പാണ്. എന്നാൽ ആ ഉയിർപ്പ് നമ്മിൽ സാധ്യമാക്കിത്തീർക്കുന്നത് ആ ഉയിർപ്പിനോടുള്ള ഐക്യദാർഢ്യമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ദൈവ സ്വഭാവത്തിലും സാദൃശ്യത്തിലുമാണ്. ഈ അവസ്ഥയാണ് മനുഷ്യന് ദൈവത്തോടൊത്ത് പ്രവർത്തിക്കാനുള്ള സാധ്യതയും അനുവാദവും നൽകുന്നത്. ഈ സാധ്യതയുടെ വിനിയോഗമാണ് ദൈവം സ്യഷ്ടിച്ച ഇതര ജീവികൾക്ക് പേരു നൽകുന്നതിലൂടെ പ്രകടമായത്. അതാണ് യേശു  തന്റെ പുനരുദ്ധാനത്തിലൂടെ പുനഃസ്ഥാപിച്ചത്.  ദൈവം സൃഷ്ടിച്ച ഈ ലോകത്തെയും ലോകത്തിലെ സകലത്തെയും കാത്ത്, വേല ചെയ്ത്, സംരക്ഷിച്ച് ജീവിക്കാൻ തയാറാവുക.  ഈ പ്രപഞ്ചവും പ്രപഞ്ചത്തിലെ മനുഷ്യൻ ഉൾപ്പെടെ സകലവുമായി തിരികെ പങ്കാളിത്തത്തിലാവുക എന്നതാണ് നാഥൻ പ്രതീക്ഷിക്കുന്നത്. അതാണ് പുനരുദ്ധാനത്തിന്റെ പാഠം, അതാണ് സ്‌നേഹത്തിന്റെ മാർഗ്ഗം, അതാണ് യേശു നമുക്കായി ഒരുക്കിയത്. അദ്ദേഹത്തിന് അത് സ്വയം നിഷേധത്തിലൂടെ, കൊലക്ക്, മരണത്തിന് വിട്ടുകൊടുത്തുകൊണ്ട് നേടാൻ സാധിച്ചു. നമുക്കും സ്വാർത്ഥതയുടെ, സ്വയം മഹത്വീകരണ തൃഷ്ണയുടെ, മാർഗ്ഗം വെടിഞ്ഞ് പുനരുദ്ധാനം കൈവരിക്കാൻ പുനരുദ്ധാനത്തിന്റെ നാഥനിൽ അഭയപ്പെട്ടുകൊണ്ട്, അതോടൊപ്പം സഹജീവികളോടുള്ള സഹകരണത്തിൽ നേടിയെടുക്കാൻ ശ്രമിക്കാം. ഏവർക്കും പെരുന്നാൾ ആശംസകളോടെ

മലങ്കര ഓർത്തഡോക്സ് സഭ തൃശ്ശൂർ മെത്രാസന മെത്രാപ്പോലീത്ത ഡോ :യൂഹാനോൻ മോർ മിലിത്തോസ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF

Share this News
error: Content is protected !!