

കേരളത്തിന്റെ സംസ്ഥാന ഫലം എന്ന പദവിയുണ്ടെങ്കിലും ചക്ക ഇപ്പോഴും മലയാളിയുടെ ഭക്ഷ്യ സങ്കൽപ്പങ്ങളിൽ മുൻനിരയിൽ ഇടം പിടിച്ചിട്ടില്ല. മുൻപെങ്ങുമില്ലാത്ത വിധം ചക്കക്കും മൂല്യ വർധിത ഉത്പന്നങ്ങൾക്കും വലിയ പ്രചാരം ലഭിച്ചിട്ടും മലയാളി ചക്ക നിസ്സാര വിലക്ക് അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചൊഴിവാക്കുകയാണ്.
എന്നാൽ തൊട്ടടുത്ത തമിഴ്‌നാട്ടിൽ നിന്ന്
ചക്കചിപ്സായി കേരളത്തിൽ എത്തുമ്പോൾ ഒരു മടിയും കൂടാതെ മലയാളി വാങ്ങുകയും ചെയ്യും. കിലോക്ക് പത്തു രൂപക്ക് മലയാളി വിൽക്കുന്ന ചക്ക, ചിപ്സായി തിരിച്ചെത്തുമ്പോൾ 400 മുതലാണ് വില. അപൂർവ്വം ചില ബേക്കറികളിൽ നാടൻ ചക്ക ചിപ്സ് 500 രൂപയാണ് വില.
ഈ സീസണിൽ പച്ച ചക്ക കയറ്റുമതിയില്‍ വൻ വര്‍ധനയാണുണ്ടായത്. കര്‍ഷകര്‍ക്ക് നല്ലകാലമെന്നാണ് വിലയിരുത്തലുണ്ടായത്.
ജില്ലയിലെ നാട്ടിൻപുറങ്ങളിലും മലയോരമേഖലയിലും ചക്ക ഇപ്പോഴും വിളവെടുപ്പ് നടക്കുന്നുണ്ട്.
അതുകൊണ്ട് ചക്ക വിപണിയും സജീവമായി നിൽക്കുന്നുണ്ട്.
മൂപ്പ് എത്താത്ത ചക്കക്കാണ് കച്ചവടക്കാർ നാട്ടിൻപുറങ്ങളില്‍ എത്തുന്നത്. രണ്ട് കിലോയോളം വലിപ്പം വരുന്ന ഇടിച്ചക്ക പരുവത്തിലുള്ള ചക്കക്ക് കിലോക്ക് 10 രൂപ കണക്കാക്കിയാണ് വ്യാപാരികള്‍ ചക്ക വാങ്ങുന്നത്. വലിപ്പം കൂടുന്നതിന് ആനുപാതികമായ വിലയും കൂട്ടി നല്‍കുന്നുണ്ട്. കച്ചവടക്കാർ തന്നെ ചക്ക മരങ്ങളില്‍ കയറി വെട്ടിയിറക്കും. വലിപ്പത്തിനനുസരിച്ച് വില പറഞ്ഞാണ് കൊണ്ടുപോകുന്നത്.
മിനക്കെടാൻ പറ്റാത്തതുകൊണ്ട് മലയാളി ചക്ക പ്ലാവ് കാട്ടിത്തന്നെ കച്ചവടം ഉറപ്പിക്കുകയാണ്. മലയാളിക്ക് ഏറെ പ്രിയപ്പെട്ട ചിപ്സ് ഉണ്ടാക്കി വിൽപ്പന നടത്താൻ അപൂർവ്വം ചില കുടുംബ ശ്രീ യൂണിറ്റുകൾ മാത്രമേ തയ്യാറാവുന്നുള്ളു.
പ്ലാവ് ഉടമകള്‍ക്ക് പ്രത്യേക അധ്വാനമോ കരുതലോ ഇല്ലാതെ ലഭിക്കുന്ന ആദായമായതിനാല്‍ വ്യാപാരികള്‍ പറയുന്ന വിലക്ക് വീട്ടുകാർ ചക്ക നല്‍കുകയാണ്. പൂർണവളർച്ചയെത്താത്ത ഏതു ഇനം ചക്കയും ഇവർ സംഭരിക്കുന്നുണ്ട്. ഇതുമൂലം മധുരം ഇല്ലാത്തവ, കുഴച്ചക്ക, വരിക്ക, തുടങ്ങി പഴത്തിന് ഉപയോഗിക്കാൻ പറ്റാത്ത ചക്കക്കുവരെ ആവശ്യക്കാരായി. പ്ലാവ്
ഉള്ളവർക്ക് ഇതുമൂലം പറിക്കാൻ ആളെ അന്വേഷിക്കുകയോ കാട്ടാന, കുരങ്ങ്, മലയണ്ണാൻ, മയില്‍, കാക്ക തുടങ്ങിയവ മൂലം ഉണ്ടാകുന്ന ശല്യവും പച്ചച്ചക്ക പറിച്ചു നീക്കുന്നതോടെ ഒഴിയുന്നുണ്ടെന്നും മലയോരമേഖലയിലെ കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങള്‍ മൂലമുള്ള നാശത്തിനും ഒരു പരിധിവരെ പരിഹാരമാകുന്നുണ്ടെന്ന് കർഷകർ പറയുന്നു.
നാട്ടിൻപുറങ്ങളിലെ വീട്ടുവളപ്പുകളിലെ ഇടിച്ചക്കയുടെ ആവശ്യം കഴിഞ്ഞാല്‍, കന്നുകാലികള്‍ക്ക് തീറ്റയാക്കി വെട്ടി കൊടുക്കാറാണ് പതിവ്. വലിയ മരങ്ങളില്‍ കയറി പഴുക്കാറായ ചക്ക കേടുകൂടാതെ താഴെയിറക്കാനും കൂടുതല്‍ അധ്വാനം വരുന്നതിനാല്‍ മിക്കയിടത്തും അണ്ണാനും മയിലും മറ്റം കൊത്തി തിന്നും ചക്ക പാഴാവുകയാണ് ചെയ്തിരുന്നത്. മുൻകാലങ്ങളില്‍ പഴുത്ത ചക്ക മാത്രമാണ് വ്യാപാരികള്‍ അയല്‍ സംസ്ഥാനത് വിപണി ലക്ഷ്യമാക്കി കൊണ്ടുപോവുക, ഈ അവസ്ഥക്കാണ് മാറ്റം ഉണ്ടായത്.
പെട്ടി ഓട്ടോറിക്ഷ പോലെയുള്ള ചെറു വാഹനങ്ങളില്‍ മരം കയറുന്ന ആളെയും കൂട്ടിയാണ് നാട്ടിൻപുറങ്ങളില്‍ പച്ച ചക്കക്കായി വ്യാപാരികള്‍ എത്തുന്നത്. ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കകം ഒരു വണ്ടി ചക്ക ലഭിക്കുന്ന സ്ഥിതിയാണ് മിക്കയിടത്തും. പഴുക്കാറായ ചക്ക ഒഴിവാക്കിയാണ് വ്യാപാരികള്‍ ചക്ക സംഭരിക്കുന്നത്. തീരെ ചെറിയ ചക്കകള്‍ മരത്തില്‍ തന്നെ നിർത്തി ആഴ്ചകള്‍ക്ക് ശേഷം വീണ്ടും വന്നു സംഭരിക്കുന്നുമുണ്ട്.
വടക്കഞ്ചേരി കേന്ദ്രമായുള്ള മൊത്ത കച്ചവടക്കാർക്ക് പ്രാദേശികമായി സംഭരിക്കുന്ന ചക്കകള്‍ ചെറുകിട വ്യാപാരികള്‍ വൈബ്രിഡ്ജ് തൂക്കത്തിനാണ് നല്‍കുന്നത്. വടക്കഞ്ചേരിയില്‍ നിന്ന് ദിവസവും മൂന്നും നാലും ലോറി ചക്കയാണ് തമിഴ്നാട് ഉള്‍പ്പെടെ, പുണെ, ഡല്‍ഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്
കൊണ്ടുപോകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. പഴുക്കാത്ത പച്ച ചക്ക പൊടിച്ച് ഉണക്കപ്പൊടിയായും, ചില ഭക്ഷ്യ പദാർഥങ്ങളിലേക്കും പ്രത്യേക വിഭവങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നതെന്ന് പറയപ്പെടുന്നു.
എന്തായാലും വീട്ടാവശ്യം കഴിഞ്ഞ് ബാക്കി സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന 50 ശതമാനം നാടൻ ചക്കയും പാഴായി പോകുന്നതില്‍നിന്ന് ചെറിയ ആദായവും ഗ്രാമീണ മേഖലക്ക് ഇതുമൂലം ലഭിക്കുന്നുണ്ട്.
അഞ്ചു വർഷങ്ങളായി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള പച്ച ചക്കയുടെ ആവശ്യം അധികരിച്ചത് ഗ്രാമീണമേഖലയിലും ചെറുകിട കച്ചവടക്കാർക്കും നേട്ടമായി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
