
✍️സന്തോഷ് കുന്നത്ത്
ഒടുവിൽ വനം വകുപ്പ് കർഷകർക്ക് ചെറിയൊരു ആശ്വാസവുമായെത്തി. കടപ്പാറ മേമലയിൽ രണ്ടുകിലോമീറ്റർ ദൂരത്തിൽ സൗരോർജ തൂക്കുവേലി സ്ഥാപിച്ചു. എന്നാൽ ഇതിന്റെ സംരക്ഷണം കർഷകർ തന്നെ ഏറ്റെടുക്കണം.
പത്തടിയിലേറെ ഉയരമുള്ള ഇരുമ്പ് പോസ്റ്റുകള്‍ കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച് കമ്പികള്‍ തൂക്കിയിട്ടാണ് തൂക്കു വേലി സ്ഥാപിച്ചിട്ടുള്ളത്. ആനകള്‍ വേലിയിലേക്ക് തള്ളിയിട്ട് വേലി തകർക്കാൻ സാധ്യതയുള്ള സമീപത്തെ ചെറുമരങ്ങളും കൊമ്പുകളും വെട്ടി മാറ്റിയിട്ടുണ്ട്. അതിനാല്‍ വൈദ്യുത തൂക്കുവേലി നിലനില്‍ക്കും എന്ന പ്രതീക്ഷയാണ് വനം വകുപ്പും കർഷകരും പങ്കുവക്കുന്നത്. മലയോര മേഖലയില്‍ ആദ്യമായാണ് ഇത്തരം തൂക്കുവേലി സ്ഥാപിക്കുന്നത്.
കർഷകരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് വനംവകുപ്പ് വേലി സ്ഥാപിച്ചിട്ടുള്ളത്. കർഷകർതന്നെ വേലിയുടെ സംരക്ഷണം നടത്തണം. യഥാസമയങ്ങളില്‍ വള്ളിപടർപ്പുകള്‍ വെട്ടിമാറ്റി വൈദ്യുതി പ്രവാഹം ഉറപ്പാക്കണം.
സ്ഥിരമായി ആനകളെത്തി വീടുകളില്‍ അന്തിയുറങ്ങാൻ കഴിയാത്ത സ്ഥിതിയായിരുന്നു പ്രദേശത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ ആനയുടെ സാന്നിധ്യമുണ്ട്. ആന ഏക്കർ കണക്കിന് കൃഷിയാണ് നശിപ്പിച്ചത്.
ഇതിന് പരിഹാരം കാണാനായതിന്‍റെ സന്തോഷത്തിലാണ് പ്രദേശത്തുകാർ.
ആനക്കുപുറമെ കടുവയും കാട്ടുപോത്തും എത്തുന്ന ചെമ്പൻകുന്ന് ഭാഗത്ത് മൂന്ന് കിലോമീറ്റർ കൂടി വൈദ്യുതവേലി സ്ഥാപിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
