

വാൽക്കുളമ്പ്- പന്തലാമ്പാടം മലയോര ഹൈവേയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കിഴക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പനംകുറ്റി
റോഡിലെ കുഴികളിൽ
ഞാറ് നടീൽ സമരം നടത്തി.
പാലക്കുഴി,കണിച്ചിപരുത, വാല്‍കുളമ്പ്,ആരോഗ്യപുരം, മംഗലംഡാം തുടങ്ങിയ മലയോരവാസികള്‍ക്ക് തൃശൂർ ഭാഗത്തേക്ക് പോകാനുള്ള ഏറ്റവും എളുപ്പമാർഗമാണ് ഈ പാത. എന്നാല്‍ റോഡ് നിർമിച്ച് പിന്നീട് എട്ട് വർഷത്തോളമായി നല്ല രീതിയിലുള്ള റീടാറിംഗ് പോലും നടത്തിയിട്ടില്ല.ഞാറു നടാൻ പാകത്തിലുള്ള വലിയ കുഴികളും അതിൽ ചെളിയും നിറഞ്ഞിരിക്കുകയാണ്.
കിഴക്കഞ്ചേരി, കണ്ണമ്പ്ര എന്നീ രണ്ട് പഞ്ചായത്തുകളിലായാണ് പത്തിലേറെ കിലോമീറ്റർ ദൂരം വരുന്ന റോഡുള്ളത്. ഇതില്‍ കിഴക്കഞ്ചേരി പഞ്ചായത്തില്‍പ്പെടുന്ന റോഡാണ് കൂടുതല്‍ തകർന്നു കിടക്കുന്നത്.
പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രത്തോട് ചേർന്ന് കിടക്കുന്ന പാതയായതിനാല്‍ ആന ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങള്‍ വിഹരിക്കുന്ന പ്രദേശമാണിത്.
രാത്രി കാലങ്ങളില്‍ ആനയോ മറ്റു മൃഗങ്ങളോ മുന്നില്‍ പെട്ടാല്‍ റോഡിന്‍റെ ശോച്യാവസ്ഥ മൂലം വാഹനം പെട്ടെന്ന് പിറകോട്ട് എടുക്കാനോ മുന്നോട്ടു എടുക്കാനോ കഴിയില്ല.
പരാതികൾ നൽകി നിരാശരായ ജനങ്ങൾ നിരവധി സമരങ്ങൾ നടത്തി മടുത്തെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കോൺഗ്രസ് കിഴക്കഞ്ചേരി മണ്ഡലം പ്രസിഡണ്ട് സി ചന്ദ്രൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അരുൺ മാണിക്യത്തിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് വി ജെ ജോസഫ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ലീലാമ്മ ജോസഫ്, സുനിൽ എം പോൾ, ബാബു മാസ്റ്റർ,ടി കെ ഉസനാർ,കെ ജി പ്രദീപ്, ബീന അരുൺ, റോയി എന്നിവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
