കണ്ണംകുളം – കണക്കൻ തുരുത്തി റോഡ് ചെളിക്കുളമായി

Share this News



കിഴക്കഞ്ചേരി-വടക്കഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ണംകുളം-കണക്കൻതുരുത്തി റോഡ് പൂർണമായും തകർന്നു. വൻ കുഴികൾ രൂപപ്പെട്ട് ചെളിക്കുളമായി കിടക്കുകയാണ് റോഡ്. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിൽ പെടുത്തി നിർമിച്ച റോഡ് 5 വർഷം അറ്റകുറ്റ പണി നടത്തി പരിപാലിച്ചിരുന്നു. പിന്നീട് കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും ഫണ്ട് മുടക്കി പുതിയ റോഡ് നിർമിച്ചു. എന്നാൽ നിർമാണം പൂർത്തിയാക്കി അധികം വൈകാതെ റോഡിന്റെ തകർച്ചയും ആരംഭിച്ചു.
റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടും കരാറുകാർ തിരിഞ്ഞു നോക്കുന്നില്ല. താൽക്കാലികമായി ക്വാറി വേസ്‌റ്റ് ഇട്ട് അടച്ച കുഴികൾ ഉൾപ്പെടെ വീണ്ടും തുറന്നു. ഭാരവാഹനങ്ങൾ പോയി റോഡിന്റെ ഭാഗങ്ങൾ താഴ്ന്നു പോയിട്ടുണ്ട്. മഴവെള്ളച്ചാലുകളും പല ഭാഗത്തുമില്ല. ഇതിനിടെ ശുദ്ധജല പദ്ധതിയുടെ പൈപ്പുകൾ റോഡ് വെട്ടിപ്പൊളിച്ച് പല ഭാഗത്തും സ്ഥാപിച്ചതോടെ ഇവിടവും തകർന്നു. വെട്ടിപ്പൊളിച്ച ഭാഗം മെറ്റലും സിമന്റും ഉപയോഗിച്ച് അടച്ചെങ്കിലും ഇവിടവും കുഴിയായിട്ടുണ്ട്. റോഡിൻ്റെ പല ഭാഗത്തും വെള്ളം കെട്ടി നിന്ന് യാത്രാ ക്ലേശം രൂക്ഷമായി.
ദേവാലയത്തിലേക്കും സ്കൂ‌ളിലേക്കും പോകുന്ന പ്രധാന റോഡായിട്ടും ഇവിടെ വഴിവിളക്കുകളും സ്ഥാപിച്ചിട്ടില്ല. കണ്ണംകുളം മുതൽ വടക്കേക്കുളമ്പ് വരെ കിഴക്കഞ്ചേരി പഞ്ചായത്തിന്റെ ഭാഗത്ത് വഴിവിളക്ക് ഉണ്ട്. എന്നാൽ ആനക്കുഴിപ്പാടം മുതൽ വഴിവിളക്ക് ഇല്ല. ഇവിടെ പാതയോരം പുല്ല് നിറഞ്ഞ അവസ്ഥയിലാണ്. കാട്ടുപന്നി ശല്യവും ഈ ഭാഗത്ത് രൂക്ഷമാണ്. റോഡിന്റെ തകർച്ച പരിഹരിക്കണമെന്നും പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിൽ പെടുത്തി 2 കിലോമീറ്റർ വരുന്ന റോഡ് പുനർ നിർമിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കെ.രാധാകൃഷ്ണൻ എംപിക്ക് നാട്ടുകാർ നിവേദനം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!