

പനംകുറ്റി മണ്ണാർകുടി ജോർജ് ജോസഫിന്റെ തോട്ടത്തിലെ വാഴകളും കമുകുകളുമാണ് നശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ഒരാഴ്‌ച മുൻപ് പനംകുറ്റി ചെറുനിലം ബിജുവിന്റെ പറമ്പിലെ തെങ്ങും വാഴയും കാട്ടാന നശിപ്പിച്ചിരുന്നു. കരടിയിളയിൽ അജീഷ്, ബാലകൃഷ്ണൻ എന്നിവരുടെ പറമ്പിലെ കൃഷിയും നശിപ്പിച്ചു. നാട്ടുകാർ പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമില്ല. പനംകുറ്റിയിൽ തന്നെ കെ.ജി. പ്രദീപ്, പെരുമ്പിള്ളി ജയിംസ്, കാവനാക്കുടി കൊച്ചുകുഞ്ഞ്, വരിക്കമാക്കൽ ജോസഫ്, മോഹനൻ, ചെറുനിലം ജോണി എന്നിവരുടെ കൃഷിയിടങ്ങളിലും കാട്ടാനശല്യം പതിവാണ്. രാത്രിയായാൽ വീടിനു പുറത്തിറങ്ങാൻ ഭയപ്പെടുകയാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം പോത്തുചാടിയിൽ സ്വകാര്യ വ്യക്‌തിയുടെ കിണറ്റിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പാലക്കുഴി മുതൽ പോത്തുചാടി വരെയുള്ള പ്രദേശങ്ങളിൽ സോളർ ഫെൻസിങ് പല ഭാഗത്തും തകർന്നിരിക്കുകയാണ്.സോളർ ഫെൻസിങ് തകർത്ത് ജനവാസ കേന്ദ്രങ്ങളിലെത്തി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ ഒളകര ഫോറസ്‌റ്റ് ഓഫിസ് മുതൽ താമരപ്പള്ളി വഴി പോത്ത്ചാടി വരെയുള്ള പ്രദേശത്ത് ഹാങ്ങിങ് ഫെൻസിങ് സ്‌ഥാപിക്കണം, മയക്കുവെടി വച്ച് പിടികൂടണം, പീച്ചി വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ ആർആർടി ടീം രൂപീകരിച്ച് കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്തണം എന്നീ ആവശ്യങ്ങൾ കർഷക സംരക്ഷണ സമിതി വടക്കഞ്ചേരി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
