

നെന്മാറ: നെല്ലിയാമ്പതി മണലാരു ചായ എസ്റ്റേറ്റ് ഓഫീസ് പരിസരത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ തമ്പടിച്ച കാട്ടാന സമീപത്തെ ഏലംസ്റ്റോർ, കൂനം പാലം പാടികളിൽ താമസിക്കുന്ന തൊഴിലാളികളെ ഭീതിയിലാഴ്ത്തി. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ എത്തിയ കാട്ടാന രാവിലെ തൊഴിലാളികളും മറ്റു ജീവനക്കാരും അതുവഴി വന്ന ശബ്ദമുണ്ടാക്കിയതിനുശേഷമാണ് പ്രദേശത്തുനിന്ന് കേശവൻ പാറ വനമേഖലയിലേക്ക് പോയത്.

കാട്ടാന ഓഫീസ് പരിസരത്ത് നിലയുറപ്പിച്ചത് വൈകുന്നേരത്ത് അവശ്യ വസ്തുക്കൾ വാങ്ങാൻ പുറത്തിറങ്ങാൻ മടിച്ചതായി തൊഴിലാളികൾ പറഞ്ഞു. എസ്റ്റേറ്റ് ഓഫീസ് കെട്ടിടത്തിന്റെ മുൻവശത്ത് ഉണ്ടായിരുന്ന ചെടിച്ചട്ടികളും പൂച്ചെടികളും നശിപ്പിച്ചു. രണ്ടുമാസം മുമ്പ് തേനിപ്പാടിയിൽ നിന്നും ഏലം സ്റ്റോർ ഭാഗത്തേക്ക് പോയവരെ കാട്ടാന ആക്രമിച്ചിരുന്നു. വീണ്ടും കാട്ടാന എത്തിയത് പാടികളിലെ തൊഴിലാളികളെ ഭീതിയിലാക്കി. മാസങ്ങൾക്കു മുമ്പ് തേനി പാടിയിൽ എത്തിയ കാട്ടാന പാടികളിൽ സൂക്ഷിച്ച അരിയും മറ്റു ഭക്ഷ്യ വസ്തുക്കളും വാതിലുകൾ തകർത്ത് തുമ്പിക്കൈ കൊണ്ട് എടുക്കുകയും സമീപത്തെ പ്ലാവിലെ ചക്കയും ഭക്ഷിച്ചിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/It83VNF2S8HAkiZTxnM84N