
ശബരിമല, പൊങ്കൽ യാത്ര; കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിനുകൾ ജനുവരി അവസാനം വരെ നീട്ടി റെയിൽവേ
ശബരിമല, പൊങ്കൽ തിരക്കു പരിഗണിച്ചു ഹുബ്ബള്ളി–കൊല്ലം, എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിനുകളുടെ സർവീസ് ദക്ഷിണ പശ്ചിമ റെയിൽവേ ജനുവരി അവസാനം വരെ നീട്ടി. നിലവിൽ ഡിസംബർ അവസാനം വരെയുള്ള സർവീസുകളാണു നീട്ടിയത്.
ബെംഗളൂരു വഴിയുള്ള ഹുബ്ബള്ളി–കൊല്ലം സ്പെഷൽ (07313) ജനുവരി 25 വരെയും കൊല്ലം–എസ്എംവിടി ബെംഗളൂരു (07314) സ്പെഷൽ ജനുവരി 26 വരെയും സർവീസ് നടത്തും. ഹുബ്ബള്ളിയിൽ നിന്നു ഞായറാഴ്ചകളിലും കൊല്ലത്ത് നിന്നു തിങ്കളാഴ്ചകളിലുമാണു സർവീസ്. നിലവിൽ കൊല്ലത്ത് ഉച്ചയ്ക്കു 12.55ന് എത്തിയിരുന്ന ട്രെയിൻ 1.15നു മാത്രമേ എത്തുകയുള്ളൂ.
∙എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06523) ജനുവരി 26 വരെയും തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു (06524) 27 വരെയും സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് തിങ്കളാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ചൊവ്വാഴ്ചകളിലുമാണു സർവീസ്.
∙ എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06547) ജനുവരി 29 വരെയും തിരുവനന്തപുരം നോർത്ത് –എസ്എംവിടി ബെംഗളൂരു (06548) 30 വരെയും സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നു ബുധനാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് വ്യാഴാഴ്ചകളിലുമാണു സർവീസ്
∙ എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06555) ജനുവരി 30 വരെയും തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു (06556) ഫെബ്രുവരി ഒന്നു വരെയും സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നു വെള്ളിയാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ഞായറാഴ്ചകളിലുമാണു സർവീസ്. ബെംഗളൂരുവിൽ രാവിലെ 7.30നു പകരം 8.15നാണു ട്രെയിൻ എത്തുക

