കണ്ണമ്പ്ര തോട്ടുപാലം ചോരുന്നു; വൻ അപകടഭീഷണി – കനാൽ വെള്ളം പാഴായി പോകുന്നു

Share this News

1970-കളിൽ നിർമിച്ച മംഗലം ഡാമിന്റെ ഇടതുകര കനാലിൽ സ്ഥിതി ചെയ്യുന്ന കണ്ണമ്പ്ര അക്വാഡെറ്റിൽ (കനാൽ പാലം) ഗുരുതര ചോർച്ച കണ്ടെത്തി. പുതുക്കോട് ഉൾപ്പെടെയുള്ള വിവിധ പാടശേഖരങ്ങളിൽ എത്തേണ്ട വിലപ്പെട്ട ജലമാണ് ഇങ്ങനെ ചോർന്ന് പാഴായി പോകുന്നത്. ഇതോടെ കൃഷിക്ക് ആവശ്യമായ ജലവിതരണം താളം തെറ്റാനുള്ള സാധ്യതയും ഉയർന്നിട്ടുണ്ട്.

നല്ല ഉയരത്തിലുള്ള കനാൽ പാലമായതിനാൽ സുരക്ഷാ ഭീഷണിയും പ്രദേശത്ത് വർധിച്ചിരിക്കുകയാണ്. വൈകുന്നേരം ഇരുട്ടുന്നതോടെ പാലവും പരിസരവും സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇടക്കാലത്ത് സുരക്ഷയ്ക്കായി നിർമിച്ചിരുന്ന കൈവരികൾ മുറിച്ചു മാറ്റി വിൽപ്പന നടത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇപ്പോൾ പാലത്തിന്റെ പല ഭാഗങ്ങളിലും കൈവരികൾ ഇല്ലാതായിട്ടുണ്ട്. ചില ഇടങ്ങളിൽ കൈവരികൾ പൂർണ്ണമായും തകർത്ത നിലയിലാണ്. ഇത് യാത്രക്കാരെയും സമീപവാസികളെയും വലിയ അപകടത്തിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ്.

ചോർച്ച ഉടൻ പരിഹരിച്ച് കനാലിന്റെ ജലനഷ്ടം തടയണമെന്നും, പാലത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കൈവരികൾ പുനഃസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കൂടാതെ, വൈകുന്നേര സമയങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബന്ധപ്പെട്ട ജലവിഭവ-സേചന വകുപ്പുകളും പഞ്ചായത്തും അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1

Share this News
error: Content is protected !!