
വടക്കഞ്ചേരി: മലമ്പ്രദേശമായ പാലക്കുഴിയിലെ തെങ്ങുകൾക്ക് വ്യാപകമാകുന്ന മഞ്ഞളിപ്പ് രോഗത്തെ തുടർന്ന് വിദഗ്ധസംഘം പാലക്കുഴിയിലെത്തി പരിശോധന നടത്തി. പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞയായ ഡോ.നിത്യ, പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിലെ അരുൺ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ അനിൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ മേരിവിജയ, കിഴക്കഞ്ചേരി കൃഷിഓഫീസർ മാനസ, വാർഡ് മെമ്പർ പോപ്പി ജോൺ മറ്റു കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്.

പാലക്കുഴിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി മണ്ണ് സാമ്പിളുകൾ സംഘം ശേഖരിച്ചിട്ടുണ്ട്. സാമ്പിളുകൾ പട്ടാമ്പി മണ്ണുപരിശോധന കേന്ദ്രത്തിന് അയച്ച് രോഗ നിവാരണ മാർഗങ്ങൾക്കുള്ള നടപടി സ്വീകരിക്കുമെന്ന് കൃഷി ഓഫീസർ മാനസ പറഞ്ഞു. മുന്ന് വർഷം മുമ്പ് കായംകുളത്തെ തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ നിന്നും ശാസ്ത്രജ്ഞരുടെ സംഘം പാലക്കുഴിയിലെത്തി പരിശോധന നടത്തിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.മണ്ണിൽ ആവശ്യമായ മൂലകങ്ങളുടെ കുറവാണ് രോഗകാരണം എന്നായിരുന്നു അന്നത്തെ പ്രാഥമിക വിലയിരുത്തൽ. അഞ്ചുവർഷത്തിനു ഉള്ളിൽ അയ്യായിരത്തിലേറെ തെങ്ങുകൾ പാലക്കുഴിയിൽ മാത്രം രോഗബാധ മൂലം നശിച്ചിട്ടുണ്ടന്നാണ് കണക്ക്.ചെറുത് വലുത് വ്യത്യാസമില്ലാതെ പാലക്കുഴിയിലെ മുഴുവൻ തെങ്ങുകൾക്കും ഇപ്പോൾ മഞ്ഞളിപ്പ് രോഗലക്ഷണങ്ങൾ കാണുന്നുണ്ടെന്ന് വാർഡ്മെമ്പർ പോപ്പി ജോൺ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/LGKm6uPJVIt8nYhyoTCBEG