
വില്ലൻ വളവിലെ റോഡ് നിർമ്മാണത്തിലെ അലംഭാവം; ഹൈവേയിൽ നിന്നും കാർ താഴേയ്ക്ക് മറിഞ്ഞു
ദേശീയപാത 544 കുതിരാൻ തുരങ്കം കഴിഞ്ഞ് വില്ലൻ വളവിൽ തൃശ്ശൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന തിരുനൽവേലി സ്വദേശികളുടെ കാർ ഹൈവേയിൽ നിന്ന് താഴേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഹൈവേ എമർജൻസി സംഘം സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
പാലക്കാട് ദിശയിൽ കുതിരാൻ തുരങ്കം കടന്ന് പാലം അവസാനിക്കുന്ന ഭാഗത്ത് മൂന്ന് വരി റോഡ് രണ്ടുവരിയായി ചുരുങ്ങുന്ന പ്രദേശമാണിത്. ഏറെക്കാലമായി ഈ ഭാഗം മൂന്നുവരി ആക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും മാധ്യമങ്ങളും നിരന്തരം ശ്രദ്ധയിൽപ്പെടുത്തുകയും ജനകീയ സമരങ്ങൾ നടത്തുകയും ചെയ്തിരുന്നു.
എന്നാൽ അശാസ്ത്രീയമായ രീതിയിൽ നടന്ന റോഡ് നിർമാണം മൂലം ഇപ്പോഴും ഗതാഗതം രണ്ടുവരിയിലൂടെയാണ് നടക്കുന്നത്. വെറും 50 മീറ്റർ മാത്രം ദൂരം മാത്രമാണ് ഈ രീതിയിലുള്ളത്. റോഡ് പെട്ടെന്ന് ചുരുങ്ങുന്ന അവസ്ഥ ഉണ്ടാകുന്നതെന്നും ഇതാണ് നിരന്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
ദേശീയപാതയിലെ പ്രധാന റോഡിനും കുതിരാൻ അമ്പലത്തിലേക്കുള്ള താഴെയുള്ള റോഡിനും ഇടയിൽ ഏകദേശം മൂന്ന് അടി ഉയര വ്യത്യാസമുണ്ട്. ഈ താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.
എത്രയും വേഗം ഈ പ്രദേശത്ത് കൃത്യമായ രീതിയിൽ റോഡ് നിർമാണം പൂർത്തീകരിച്ചില്ലെങ്കിൽ കൂടുതൽ അപകടങ്ങൾ സംഭവിക്കുമെന്ന് നാട്ടുകാർ പറയുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
