പഴങ്ങൾക്ക് തീ വില; വിദേശ പഴങ്ങള്‍ വിപണിയില്‍

Share this News

വേനല്‍ കടുത്തതിനു പിന്നാലെ പഴവിപണിയിലും വിലക്കയറ്റം. പഴങ്ങള്‍ക്ക് റോക്കറ്റ് വേഗത്തിലാണ് വില കുതിക്കുന്നത്.

സീസണ്‍ അല്ലാത്തതും ചൂട് വർദ്ധിച്ചതും കാരണം ആപ്പിള്‍, അനാർ, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ക്ക് വലിയ തോതിലാണ് വില ഉയർന്നത്. നിലവില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില വർദ്ധിച്ചത് ആപ്പിളിനാണ്. ഇന്ത്യൻ ആപ്പിളുകളുടെ ലഭ്യത കുറഞ്ഞതോടെ ന്യൂസിലാൻഡ്, ഇറ്റലി, യു.എസ്, തുർക്കി, മൊറോക്കോ, ഇറാൻ
എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ ആപ്പിളുകളാണ് കൂടുതലായും വിപണിയിലുള്ളത്.

കിലോയ്ക്ക് 200 മുതല്‍ 300 രൂപ വരെയാണ് ഇതിന്റെ വില. നേരത്തെ 80 രൂപയ്ക്ക് ലഭിച്ചിരുന്ന ഇന്ത്യൻ ആപ്പിളുകളുടെ സ്ഥാനത്താണ് ഈ കൊള്ളവില.
ഉത്തരേന്ത്യയില്‍ വിവാഹ സീസണ്‍ ആയതിനാലും റംസാൻ ലക്ഷ്യമിട്ട് കർഷകർ വിളവെടുപ്പ് വൈകിപ്പിക്കുന്നതിനാലും പൈനാപ്പിള്‍ വില 50ല്‍ നിന്ന് 80ലേക്ക് ഉയർന്നു. അനാറിന് 230 രൂപയും പേരയ്ക്കയ്ക്ക് 120 രൂപ വരെയുമാണ് നിലവിലെ വില.
വേനല്‍ കടുത്തതോടെ തണ്ണിമത്തൻ വിപണിയില്‍ സജീവമായിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ ഇതിനും വില വർദ്ധിക്കുമെന്ന് വ്യാപാരികള്‍ ആശങ്കപ്പെടുന്നു.
കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും തണ്ണിമത്തൻ എത്തുന്നത്.

വില ഇനിയും കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു.
മുന്തിരി, ഓറഞ്ച്, വാഴപ്പഴം എന്നിവയുടെ വിലയില്‍ നിലവില്‍ വലിയ മാറ്റമില്ല. ചൂടിലേക്ക് കടന്നതോടെ പഴങ്ങള്‍ വേഗത്തില്‍ നശിച്ചുപോകുന്നത് വ്യാപാരികള്‍ക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. അടുത്ത ആഴ്ച്ച മുതല്‍ റംസാൻ ആരംഭിക്കുന്നതോടെ 25 മുതല്‍ 30 ശതമാനം വില വർദ്ധന പഴ വിപണിയില്‍ ഉണ്ടാകുമെന്ന് പഴ വ്യാപാരികള്‍ പറഞ്ഞു. അതേസമയം ബന്ധപ്പെട്ട സർക്കാർ ഏജൻസികളോന്നും പഴ വിപണിയില്‍ ഇടപെടാത്തത് ഇടനിലക്കാരുടെ ചൂഷണത്തിന് വഴിവെക്കുന്നതായും ചില്ലറ വില്‍പ്പനക്കാർക്ക് പരാതിയുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

Share this News
error: Content is protected !!