
മൂന്നുവർഷത്തെ നിയമ
യുദ്ധത്തിനൊടുവിൽ തേക്കിൻകാട് മൈതാനത്തോടുചേർന്നു സ്വരാജ് റൗണ്ടിൽ പാർക്ക് മുതൽ പാറമേക്കാവിനു മുൻവശത്തെ സബ്‌വേ വരെയുള്ള ഫുട്പാത്ത് നിർമാണത്തിനു വഴങ്ങി കോർപറേഷൻ. കെപിസി സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിന്റെ നിരന്തര നിയമഇടപെടലിനെത്തുടർന്നാണു കോർപറേഷൻ നടപടി. 500 മീറ്റർ ഫുട്പാത്ത് നിർമാണമാണ് ആരംഭിച്ചിരിക്കുന്നത്.
2023ലെ പൂരത്തിനുമുമ്പ് കൊടുത്ത ഹർജിയിൽ അടിയന്തര നടപടിയെടുക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നു. എന്നാൽ ആറുമാസം കഴിഞ്ഞിട്ടും കോർപറേഷൻ നടപടിയെടുത്തില്ല. തുടർന്ന് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയപ്പോൾ എന്തു കൊണ്ട് ഫുട്പാത്ത് നിർമാണം പൂർത്തിയാക്കിയില്ലെന്നു ബോധിപ്പിക്കാൻ നിർദേശിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് അനുമതി ലഭിച്ചാൽ പണിതീർക്കുമെന്നു കോർപറേഷൻ സെക്രട്ടറി സത്യവാങ്‌മൂലം നല്‌കി. അഡ്വ. ഷാജി കോടങ്കണ്ടത്ത് നിരന്തരം സമീപിച്ചതിനെത്തുടർന്ന് കൊച്ചിൻദേവസ്വം ബോർഡ് അനുമതി ലഭിക്കുകയും അടിയന്തരമായി ഫുട്‌പാത്തിൻ്റെ പണി നടത്തുമെന്നു കോർപറേഷൻ സത്യവാങ്‌മൂലം നൽകുകയും ചെയ്തു. ഇതോടെ കോടതിയലക്ഷ്യക്കേസ് അവസാനിച്ചു. ശേഷം 20 ലക്ഷം രൂപ വകയിരുത്തി ടെൻഡർ ക്ഷണിച്ചെങ്കിലും ആരും ഏറ്റെടുക്കാൻ തയാറാകാത്തതിനെ ത്തുടർന്നു പണി നടന്നില്ല. ഷാജി കോടങ്കണ്ടത്ത് കോടതിയലക്ഷ്യനടപടികൾ പുനരാരംഭിച്ചപ്പോൾ കോർപറേഷൻ അധികൃതർ ടെൻഡർ പൂർത്തിയാക്കിയെന്നും പണികൾക്ക് ഒരുകോടി രൂപ വകയിരുത്തിയെന്നും ഹൈക്കോടതിയിൽ ബോധിപ്പിച്ചു. 2024 ഏപ്രിലിൽ കേസ് പരിഗണിച്ചപ്പോൾ ഒരാഴ്ചയ്ക്കകം പണി ആരംഭിക്കുമെന്നു കോർപറേഷൻ അറിയിച്ചു. തുടർന്ന് ഫുട്പാത്ത് പണി ആരംഭിച്ചശേഷം കോടതിയിൽ സ്റ്റേറ്റ്മെന്റ് ബോധിപ്പിക്കാൻ ജസ്റ്റിസ് ടി.ആർ. രവി നിർദേശിച്ചു. എന്നിട്ടും പണി ആരംഭിക്കാതായപ്പോൾ യുഡിഎഫിൻ്റെ പുതിയ മേയറും ഡെപ്യൂട്ടി മേയറും സ്ഥാനമേറ്റെടുത്ത ദിവസംതന്നെ ഷാജി വീണ്ടും പരാതി നൽകി. തുടർന്നാണ് ഇപ്പോൾ നിർമാണം ആരംഭിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
