

വന്യമൃഗ ശല്യം മൂലം കൃഷിനാശം നേരിടുന്ന സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കോട്ടക്കുളം പൂതനക്കയം പ്രദേശത്ത് മുല്ലമംഗലം ബേബി കൃഷി ചെയ്തിരുന്ന വാഴത്തോട്ടമാണ് കുരങ്ങുകൾ ആക്രമിച്ച് പൂർണമായും നശിപ്പിച്ചത്.
സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തി കൃഷിനാശം സംഭവിച്ചതായി പ്രാഥമികമായി ബോധ്യപ്പെട്ടതായും തുടർനടപടികൾക്കായി വകുപ്പ് തലത്തിലേക്ക് ശുപാർശ നൽകിയതായും അറിയിച്ചു.
എന്നാൽ കൃഷിനാശത്തിന് ലഭിക്കുന്ന നഷ്ടപരിഹാരം വളരെ കുറവാണെന്നാണ് കർഷകരുടെ ആരോപണം. നിലവിൽ കാലഹരണപ്പെട്ട നിരക്കുകൾ അടിസ്ഥാനമാക്കിയാണ് വനംവകുപ്പ് നഷ്ടപരിഹാരം അനുവദിക്കുന്നതെന്ന് അവർ പറയുന്നു. കുലച്ച വാഴയ്ക്ക് 110 രൂപയും കുലക്കാത്ത വാഴയ്ക്ക് 83 രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്.
കൂലി ചെലവും മറ്റ് അനുബന്ധ ചിലവുകളും പരിഗണിക്കുമ്പോൾ ഈ തുക ഒരിക്കലും മതിയാകില്ലെന്ന് കർഷകനായ ബേബി മുല്ലമംഗലം പറഞ്ഞു. വന്യമൃഗ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ യാഥാർത്ഥ്യാധിഷ്ഠിതമായ നഷ്ടപരിഹാര നിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
