
മംഗലംഡാം സെക്ഷനിൽ തേക്കിൻതോട്ടം മുറിക്കാൻ തീരുമാനം; 60 വർഷം പഴക്കമുള്ള മരങ്ങൾ വിപണിയിലേക്ക്

ഉയർന്ന ഗുണമേന്മയുള്ള തേക്ക് വിപണിയിലെത്തിക്കാൻ വനംവകുപ്പ് നടപടി ശക്തമാക്കി. മംഗലംഡാം വനം സെക്ഷന് കീഴിലുള്ള തേക്കിൻതോട്ടത്തിലെ 60 വർഷത്തിലേറെ പഴക്കമുള്ള മരങ്ങൾ മുഴുവൻ മുറിച്ച് തടിയുരുപ്പടികളായി വിപണിയിലെത്തിക്കാനാണ് തീരുമാനം.
25 ഹെക്ടർ വ്യാപ്തിയുള്ള പരമ്പരാഗത (യു.ടി.ടി.) തേക്കിൻതോട്ടമാണ് പൂർണ്ണമായും മുറിച്ചുനീക്കുന്നത്. ഇതിനായുള്ള മരങ്ങളുടെ നമ്പറിടൽ (മാർക്കിങ്) നടപടികൾ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. മുറിക്കൽ പ്രവൃത്തികൾക്കായി ദർഘാസ് നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
മുറിച്ചെടുക്കുന്ന തടി വനംഡിപ്പോകളിലൂടെയും ചെറുകിട വിൽപ്പനകേന്ദ്രങ്ങളിലൂടെയും വിപണിയിലെത്തിക്കും. പശ്ചിമഘട്ടത്തിലെ പറമ്പിക്കുളം വനമേഖലയോട് ചേർന്നുള്ള മംഗലംഡാം മേഖലയിലെ തേക്കിന് ഉയർന്ന ആവശ്യകതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
തേക്കുതോട്ടം നീക്കം ചെയ്തതിന് ശേഷം പ്രദേശത്ത് സ്വാഭാവിക വനം പുനരുദ്ധാരണത്തിന് പദ്ധതിയുണ്ടെന്നും വനംവകുപ്പ് അറിയിച്ചു.
ഗുണനിലവാരമനുസരിച്ച് അസംസ്കൃത തേക്ക് ഒരു ചതുരശ്ര അടിക്ക് 1,800 മുതൽ 7,000 രൂപവരെ വില ലഭിക്കുന്നുണ്ട്. ഫർണിച്ചർ നിർമാണത്തിനുള്ള തേക്കുരുപ്പടികൾക്ക് ക്യൂബിക് മീറ്ററിന് 25,000 രൂപ മുതൽ വില ആരംഭിക്കുന്നു. ഈട്, ഭംഗി എന്നിവയുള്ള തേക്കിന് ഈ വർഷാവസാനത്തോടെ അഞ്ച് ശതമാനം വരെ വില വർധന ഉണ്ടാകാമെന്ന കണക്കുകൂട്ടലിലാണ് വനംവകുപ്പ് മുറിക്കൽ നടപടി വേഗത്തിലാക്കുന്നത്.
ഉയർന്ന വരുമാനം ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനൊപ്പം പരിസ്ഥിതി പുനരുദ്ധാരണവും ഉറപ്പാക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.
.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
