

വീട് കുത്തിത്തുറന്ന് കവർന്ന പത്തുപവൻ സ്വർണ്ണാഭരണങ്ങളും 90,000 രൂപയും മോഷ്ടാവ് അതേ വീട്ടുമുറ്റത്ത് തിരികെ വെച്ചു. പഴമ്പാലക്കോട് ചേരിക്കൽ പാനത്ത് വീട്ടിൽ പി.കെ. ജോയിയുടെ വീട്ടിലാണ് നാടകീയമായ ഈ സംഭവം നടന്നത്. വീട്ടുമുറ്റത്തെ കിണറ്റിന് സമീപം പേപ്പർ ബോക്സിലാക്കി ഉപേക്ഷിച്ച നിലയിലാണ് മോഷണമുതൽ കണ്ടെത്തിയത്. കള്ളന് മാനസാന്തരം വന്നതാകാം മോഷണമുതൽ തിരികെ നൽകാൻ കാരണമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ മാർച്ച് 31-നായിരുന്നു ജോയിയുടെ വീട്ടിൽ വൻ കവർച്ച നടന്നത്. ജോയിയുടെ ഭാര്യ ജിജിയെ പള്ളിയിൽ നിന്നും കൂട്ടിക്കൊണ്ടു വരാനായി അദ്ദേഹം പുറത്തുപോയ സമയത്തായിരുന്നു മോഷണം നടന്നത്. വീട്ടുകാരുടെ പോക്കുവരവുകൾ കൃത്യമായി അറിയാവുന്നവരാകാം മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടുമുറ്റത്ത് അസാധാരണമായി പേപ്പർ ബോക്സ് ഇരിക്കുന്നത് കണ്ട വീട്ടുകാർ അത് തുറന്നു പരിശോധിച്ച ശേഷമാണ് ആലത്തൂർ പോലീസിൽ വിവരമറിയിച്ചത്. എന്നാൽ, വീട്ടുകാർ ബോക്സ് എടുത്തു കൈകാര്യം ചെയ്തതിനാൽ വിരലടയാള വിദഗ്ധർക്ക് ഇതിൽ നിന്നും കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
വീണ്ടെടുത്ത സ്വർണ്ണവും പണവും ആലത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഈ തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കി നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമേ ഉടമയ്ക്ക് വിട്ടുകൊടുക്കുകയുള്ളൂ.
മോഷണം നടത്തി പിന്നീട് തിരികെ വെച്ച പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
