
5000ൽ നിന്ന് 1800ലേക്ക്; ഇഞ്ചി വില തകർച്ചയിൽ കർഷകർ പ്രതിസന്ധിയിൽ

ഒരിക്കൽ ലാഭവിളയായി കണക്കാക്കിയിരുന്ന ഇഞ്ചി ഇന്ന് കർഷകരുടെ കണ്ണീർവിളയായി മാറുന്നു. വിപണിയിൽ ഉണ്ടായ വൻ വിലയിടിവ് മൂലം സംസ്ഥാനത്തെയും അയൽസംസ്ഥാനങ്ങളായ കർണാടകയിലെ വിവിധ മേഖലകളിലെയും മലയാളി കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോൾ.
മുൻവർഷങ്ങളിൽ 60 കിലോ തൂക്കം വരുന്ന ഒരു ചാക്ക് ഇഞ്ചിക്ക് 5,000 രൂപയ്ക്കും മുകളിലായിരുന്നു വില. എന്നാൽ ഇപ്പോൾ അതേ ഇഞ്ചിക്ക് ലഭിക്കുന്നത് വെറും 1,800 രൂപ മാത്രം. വിളവെടുപ്പ് സമയത്ത് സംഭവിച്ച ഈ കുത്തനെ ഇടിവ് കർഷകരുടെ എല്ലാ പ്രതീക്ഷകളും തകർത്തിരിക്കുകയാണ്.
ഉയർന്ന വിലയുടെ പ്രതീക്ഷയിൽ ഇത്തവണ കൂടുതൽ കർഷകർ ഇഞ്ചി കൃഷിയിലേക്ക് ഇറങ്ങിയിരുന്നു. എന്നാൽ ഒരു ഏക്കറിൽ കൃഷിയിറക്കാൻ നാല് ലക്ഷം രൂപവരെ ചിലവഴിച്ച കർഷകർക്ക് ഇപ്പോഴത്തെ വിലയിൽ മുതൽമുടക്കിന്റെ പകുതി പോലും തിരികെ ലഭിക്കാത്ത അവസ്ഥയാണ്. കുറഞ്ഞത് 3,000 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ ചെലവ് തിരികെ പിടിക്കാനാകൂവെന്നാണ് കർഷകരുടെ വേദന.
വില ഇടിവിന് പുറമെ വിപണിയിലെ ഇടനിലക്കാരുടെ ഇടപെടലും കർഷകരെ കൂടുതൽ ദുരിതത്തിലാക്കുന്നു. കർഷകരിൽ നിന്ന് തുച്ഛവിലയ്ക്ക് വാങ്ങുന്ന ഇഞ്ചി പൊതുവിപണിയിൽ 50 രൂപയ്ക്ക് മുകളിലാണ് വിൽക്കപ്പെടുന്നത്. ഈ വ്യത്യാസം കർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.
എച്ച്.ഡി കോട്ട, ഗുണ്ടൽപേട്ട്, ഇക്കാബിയ തുടങ്ങിയ പ്രദേശങ്ങളിൽ വൻതോതിൽ കൃഷിയിറക്കിയ മലയാളി കർഷകർ ഇപ്പോൾ കടക്കെണിയിലായിരിക്കുകയാണ്. കടബാധ്യതയും വിലയിടിവും ചേർന്ന് ജീവിതം താങ്ങാനാവാത്ത അവസ്ഥയാണെന്ന് അവർ പറയുന്നു.
വിപണിയിൽ സ്ഥിരത ഉറപ്പാക്കുന്നതിനും ഇടനിലക്കാരുടെ ചൂഷണം നിയന്ത്രിക്കുന്നതിനുമായി സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. ഇല്ലെങ്കിൽ, ഒരിക്കൽ പ്രതീക്ഷ നൽകിയ ഈ വിള പലർക്കും കൃഷിയിൽ നിന്ന് പിന്മാറേണ്ട സാഹചര്യം സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാകുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
