

രണ്ടാം വിള നെല്ല് സംഭരണത്തിൽ ഉണ്ടായ ഗുരുതരമായ വീഴ്ച്ച കർഷകരെ പ്രതിസന്ധിയിലാക്കി. കൊയ്ത്ത് കഴിഞ്ഞിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും മില്ലുകൾക്ക് അലോട്ട്മെന്റ് നൽകുകയോ സംഭരണ നടപടികൾ ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്നതാണ് പ്രധാന പരാതി.
വാൽക്കുളമ്പ് മയുഖ വിജയന്റെ 148 ചാക്ക് നെല്ല് ഉൾപ്പെടെ നിരവധി ചെറുകിട കർഷകരുടെ വിള ഇപ്പോഴും വീടുകളുടെ മുറ്റങ്ങളിലും റോഡരികിലും കിടക്കുകയാണ്. പാടശേഖര സമിതികൾ റിപ്പോർട്ട് നൽകിയിട്ടും തുടർനടപടികൾ തുടങ്ങാത്തതും, നെല്ല് സഹകരണ സംഘമോ സപ്ലൈകോയോ സംഭരിക്കണമെന്നതിൽ വ്യക്തതയില്ലാത്തതും അനിശ്ചിതത്വം വർധിപ്പിക്കുന്നു.
സംഭരണം വൈകുന്നതിനാൽ കാലാവസ്ഥാ മാറ്റം മൂലം നെല്ലിൽ ഈർപ്പം കൂടുകയും വീണ്ടും ഉണക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നത് കർഷകർക്ക് അധിക ബാധ്യതയാകുന്നു. വേനൽമഴയുടെ ഭീഷണിയിൽ വിള സംരക്ഷിക്കാൻ കാവലിരിക്കാൻ പോലും കർഷകർ നിർബന്ധിതരായിരിക്കുകയാണ്.
പിആർഎസ് രസീത് ലഭിച്ചാലും ബാങ്ക് വായ്പകൾ വൈകുന്നതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നു. ഒന്നാം വിള കൃഷിക്കുള്ള ഒരുക്കങ്ങൾക്കായി പണം കണ്ടെത്താൻ വീണ്ടും കടം ആശ്രയിക്കേണ്ട അവസ്ഥയിലാണ് പലരും.
തെരഞ്ഞെടുപ്പിന് പിന്നാലെ ഭരണനിലവാരത്തിലെ അനിശ്ചിതത്വവും തീരുമാനങ്ങൾ വൈകാൻ കാരണമാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. നെല്ല് സംഭരണത്തിലെ ഈ ഗുരുതര വീഴ്ച്ചയ്ക്ക് അടിയന്തര പരിഹാരം ആവശ്യമാണ് എന്ന ആവശ്യം ശക്തമാകുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
