മംഗലം ഡാം ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ ഒഴുക്ക് ; ദുരന്തങ്ങൾ കൂടുന്നു
ബെന്നി വർഗീസ് എഴുതുന്നു
വടക്കഞ്ചേരി : മംഗലം ഡാം ആലിങ്കൽ, തിപ്പിലികയം വെള്ളച്ചാട്ടം കാണാൻ വിനോദ സഞ്ചാരികളുടെ ഒഴുക്ക്. മംഗലം ഡാമിൽ നിന്ന് 16 കിലോ മീറ്റർ ദൂരത്തുള്ള ആലിങ്കൽ വെള്ളച്ചാട്ടം സ്വകാര്യ വ്യക്തിയുടെ എസ്റേറ്റിലാണ്. വെള്ളച്ചാട്ടം ഉള്ള ഭാഗം അതിമനോഹര പ്രകൃതി ഭംഗിയാൽ ആരെയും ആകർഷിക്കും. എന്നാൽ വെള്ളച്ചാട്ടത്തിന് തൊട്ടു താഴെ വലിയൊരു വെള്ളക്കുഴിയും കയവുമുണ്ട്. ഈ കയത്തിൽ എത്ര ആഴമുണ്ട്… എത്ര ചുഴിയുണ്ട് എന്ന് അറിയാതെ പുറത്തു നിന്ന് വരുന്ന സഞ്ചാരികളാണ് കൂടുതലും അപകടത്തിൽ പെടുന്നത്. മംഗലം ഡാം തളികകല്ലു ആദിവാസി കോളനിയിലേക്ക് പോകാനുള്ള ഏക വഴി ആണിത്. ഇടുങ്ങിയ വഴിയാണെങ്കിലും സഞ്ചാരികൾ വിവിധ വാഹനങ്ങളിൽ എത്തുന്നത് ആദിവാസികളുടെ ആവാസവ്യവസ്ഥയെയും ബാധിക്കുന്നു. സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റ് ആയതിനാൽ സർക്കാർ ഡിപ്പാർട്ട്മെന്റിന്റെ ഇടപെടലുകൾക്കും പരിമിതികൾ ഉണ്ട്. കഴിഞ്ഞ ദിവസം നെന്മാറ സ്വദേശിയായ യുവാവ് കയത്തിൽ വീണ് മുങ്ങി മരിച്ചിരുന്നു. ഇതിന് മുൻപും ഇവിടെ മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. മംഗലം ഡാം പോലിസ് ഒരു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടസ്ഥലത്തു കയം ഉണ്ടെന്നു അറിയാതെയാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത്.
ഇവിടേക്ക് വീക്കെൻഡ് ആഘോഷിക്കാനും, മറ്റ് പല ആഘോഷങ്ങൾക്കുമായും ആളുകൾ വരുകയും മദ്യപാന കമ്പനികൾ ഇതൊരു കേന്ദ്രമാക്കി മാറ്റുന്നത് നിയന്ത്രിക്കാൻ കഴിയാത്തത് ഇനിയും അപകടങ്ങൾ ക്ഷണിച്ചു വരുത്തും.
ഈ കേന്ദ്രങ്ങളിൽ പൊലീസിന് കൂടുതൽ നിയന്ത്രണ അധികാരം ആവശ്യമാണ്. ഒരു മലമ്പാമ്പ് ചത്തതിന് മണ്ണുമാന്തി യന്ത്രവും ഡ്രൈവറും അറസ്റ്റിൽ ആയ കുതിരാനിൽ നിന്നും ഏറെ അകലെയല്ല ആലിങ്കൽ എന്ന് മനസ്സിലാക്കേണ്ടത് ഉദ്യോഗസ്ഥരാണ്.
ടുറിസം വളരണം…. പക്ഷേ അത് ജനങ്ങളുടെ ജീവനെടുത്തു ആവരുത്. ഈ മേഖലയിൽ പോലിസിന്റെ നിരന്തര ശ്രദ്ധ ഉണ്ടാവുമെന്നും രഹസ്യ പോലിസ് ഇവിടെ ഇണ്ടാവുമെന്നും ആലത്തൂർ ഡി വൈ എസ് പി കെ എം ദേവസ്യ കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മനുഷ്യ ജീവനാണ് വില. അത് സംരക്ഷിക്കാൻ പോലിസ് കൂടെ ഉണ്ടാവുമെന്നും പറഞ്ഞു.
മംഗലം ഡാം ആലുങ്കൽ വെള്ളച്ചാട്ടം പൊതുജനങ്ങൾക്ക് വേണ്ടി സർക്കാർ ഉടമസ്ഥതയിൽ ആക്കി തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം ശക്തമായി ഉയരുന്നുമുണ്ട്