75-ാം സ്വാതന്ത്രദിനാഘോഷം വിപുലമായ സജ്ജീകരണങ്ങളോടെ പാലക്കാട് കോട്ടമൈതാനത്ത്

Share this News



75-ാം സ്വാതന്ത്രദിനാഘോഷം വിപുലമായ സജ്ജീകരണങ്ങളോടെ പാലക്കാട് കോട്ടമൈതാനത്ത് ആഘോഷിക്കും. സ്വതന്ത്രദിനാഘോഷം സമുചിതമായി നടപ്പിലാക്കുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സ്റ്റാന്‍ഡിങ് സെലിബ്രേഷന്‍ കമ്മിറ്റി യോഗത്തില്‍ സ്വാതന്ത്ര ദിനാഘോഷം സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തി. വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്‍കി. ഈ വര്‍ഷത്തെ പ്രേത്യേകതയായ ഹര്‍ ഘര്‍ തിരംഗ് ക്യാമ്പയിനിന്റ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ ഓഗസ്റ്റ് 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീക്കും ഡി.ഡി എഡ്യൂക്കേഷനും ഡി.ഡി പഞ്ചായത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡിന് ശേഷമുള്ള സ്വാതന്ത്ര്യ ദിനാഘോഷം വിശദമായ മാര്‍ഗരേഖയോടുകൂടി ആഘോഷിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ ദേശീയ പതാക ഉയര്‍ത്തുകയും പ്രാദേശികതലങ്ങളില്‍ ഘോഷയാത്ര സംഘടിപ്പിക്കുകയും ചെയ്യും. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. പരിപാടിയോടനുബന്ധിച്ച് പരേഡും കലാപരിപാടികളും നടക്കും.



ഓഗസ്റ്റ് 11, 12, 13 തിയ്യതികളില്‍ കോട്ടമൈതാനത്ത് പരേഡ് പരിശീലനം നടക്കുമെന്ന് കമാന്‍ഡര്‍ അറിയിച്ചു. പന്തല്‍ അലങ്കാരങ്ങള്‍ക്കായി പൊതുമരാമത്ത് വിഭാഗത്തിന് നിര്‍ദേശം നല്‍കി. പരേഡ് നടക്കുന്ന ദിവസങ്ങളില്‍ മെഡിക്കല്‍ ടീമിന്റെ സാന്നിധ്യം ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി പ്രചരണത്തിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനും നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാവിധ അലങ്കാരങ്ങളോടു കൂടി സ്വാതന്ത്യദിനം ആഘോഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് എ.ഡി.എം കെ. മണികണ്ഠന്‍ പറഞ്ഞു.സുരക്ഷാക്രമീകരണങ്ങള്‍ പോലീസ്, അഗ്‌നിശമനസേനാ വകുപ്പുകള്‍ മേല്‍നോട്ടം വഹിക്കും. ഓഗസ്റ്റ് 15 നകം എല്ലാ ഓഫീസുകളും സബ് ഓഫീസുകളും നിര്‍ബന്ധമായും വൃത്തിയാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, എ.ഡി.എം കെ. മണികണ്ഠന്‍, ആര്‍.ഡി.ഒ ഡി.അമൃതവല്ലി, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യേഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Share this News
error: Content is protected !!