
കോമൺവെൽത്ത് ഗെയിംസിലെ ലോങ്ജമ്പിൽ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. ശ്രീശങ്കർ. ഗെയിംസിൽ പുരുഷൻമാരുടെ ലോങ്ജമ്പിൽ പാലക്കാട് സ്വദേശിയായ ശ്രീശങ്കർ വെള്ളി നേടി. വെള്ളിയാഴ്ച പുലർച്ചെ നടന്ന ഫൈനലിൽ 8.08 മീറ്റർ മറികടന്നാണ് ശ്രീശങ്കർ ജേതാവായത്. ഇതേ ദൂരം മറികടന്ന ബഹാമസിന്റെ ലാക്വാൻ നയൻ സ്വർണം നേടി. ചാടുന്ന സമയത്ത് കാറ്റിന്റെ ശക്തി കുറവായിരുന്നത് ലാക്വാനെ ജേതാവാക്കി. ഈയിനത്തിൽ പങ്കെടുത്ത മറ്റൊരു മലയാളിയായ മുഹമ്മദ് അനീസ് യഹിയ 7.97 മീറ്റർ ചാടി അഞ്ചാം സ്ഥാനത്തായി. ദക്ഷിണാഫ്രിക്കയുടെ ജോവാൻ വാൻ നൂറൻ (8.06 മീ.) വെങ്കലം നേടി. ആദ്യ മൂന്ന് ജമ്പുകളിൽ 7.60 മീറ്റർ, 7.84, 7.84 എന്നിങ്ങനെയായിരുന്നു ശ്രീശങ്കറിന്റെ ചാട്ടം. നാലാം ശ്രമത്തിൽ എട്ടുമീറ്റർ മറികടന്നെങ്കിലും ഒരു സെന്റിമീറ്ററിന്റെ വ്യത്യാസ ത്തിൽ ഫൗളായി. എന്നാൽ അഞ്ചാം ശ്രമത്തിൽ മെഡലിലേക്കുള്ള ദൂരം ചാടിക്കടന്നു. കഴിഞ്ഞ രണ്ട് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും ടോക്യോ ഒളിമ്പിക്സിലും പങ്കെടുത്ത ശ്രീശങ്കറിന് സീ നിയർ അന്താരാഷ്ട്ര മത്സരത്തിൽ ലഭിച്ച പ്രധാന മെഡലാണിത്.പാലക്കാട് യാക്കര സ്വദേശിയായ ശ്രീശങ്കർ മുൻ ഇന്ത്യൻ അത്ലറ്റുക ളായ എസ്. മുരളിയുടെയും കെ.എസ്.ബിജിമോളുടെയും മകനാണ്.

