
‘നവീൻ രാഖി കെട്ടിയത് ഷാജഹാൻ എതിർത്തു; രാഷ്ട്രീയ തർക്കങ്ങളും കൊലയ്ക്ക് കാരണമായി’
പാലക്കാട് കൊട്ടേക്കാടിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ കൊലക്കേസിൽ നാലുപേർ അറസ്റ്റിൽ. കൊലയിൽ നേരിട്ട് പങ്കെടുത്ത ശബരീഷ്, സുജീഷ്, അനീഷ്, നവീൻ എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. നവീന്റെ കൈയ്യിൽ രാഖി കെട്ടിയതിനെ ഷാജഹാൻ ചോദ്യം ചെയ്തതതും പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളും കൊലയ്ക്ക് കാരണമായെന്ന് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞു. കൊല നടന്ന സ്ഥലത്ത് എത്തിച്ച പ്രതികൾക്ക് നേരെ നാട്ടുകാർ മുദ്രാവാക്യം വിളിച്ചും അസഭ്യം പറഞ്ഞും പ്രതിഷേധിച്ചു. ഷാജഹാനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതായി കരുതുന്ന മൂന്ന് വാളുകളും കണ്ടെടുത്തു.നവീന്റെ കൈയ്യിൽ രാഖി കെട്ടിയതുമായി ബന്ധപ്പെട്ട് ഷാജഹാനുമായി തർക്കമുണ്ടായെന്നാണ് മൊഴി. പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളും കൊലയ്ക്ക് കാരണമായി. വിശദമായ പരിശോധനയുണ്ടാകുമെന്ന് എസ്.പി. സുജീഷ്, അനീഷ്, ശബരീഷ് എന്നിവരാണ് ഷാജഹാനെ വെട്ടിവീഴ്ത്തിയത്. കൊലയ്ക്ക് ശേഷം ആയുധങ്ങളുമായി ഓടിരക്ഷപ്പെട്ട പ്രതികള്‍ കോരയാര്‍പ്പുഴ കടന്ന് കൃഷിയിടത്തില്‍ ഏറെനേരം വിശ്രമിച്ചു. നവീനൊപ്പം ചന്ദ്രനഗറിലെ ബാറിലെത്തി മടങ്ങിയ രണ്ടുപേരുള്‍പ്പെടെ മുഴുവന്‍ പ്രതികളും വിളയില്‍പ്പൊറ്റ വയലില്‍ ഇരുന്നാണ് ഒളിച്ചുകഴിയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ തീരുമാനിച്ചത്. മൂന്ന് വാളുകളും സ്ഥലത്ത് ഉപേക്ഷിച്ചു. കൈയ്യില്‍ െകട്ടിയിരുന്ന രാഖികളും പൊട്ടിച്ച നിലയില്‍ ഈ ഭാഗത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.

കൊലയുണ്ടായ ദിവസം രാത്രി ഏറെ വൈകിയാണ് കാല്‍നടയായി മൂവരും നെല്‍പ്പാടത്തിലൂടെ തോടും കനാലും മുറിച്ച് കടന്ന് കവ ഭാഗത്തെത്തിയത്. കവയോട് ചേര്‍ന്ന് കോഴിമലയുടെ ചരുവിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ പ്രതികള്‍ എത്തിയത്. കഴിഞ്ഞദിവസം വൈകീട്ട് ഏഴ് മണിവരെ ഈ സ്ഥലത്ത് ഇവര്‍ സുരക്ഷിതമായി കഴിഞ്ഞു. വനാതിര്‍ത്തിയിലുള്ള സ്ഥലമാണെങ്കിലും പാറക്കൂട്ടമെല്ലാം പിന്നിട്ട് കൊലയാളി സംഘം ഒളിച്ചു താമസിക്കാന്‍ കണ്ടെത്തിയ ഇടത്ത് വനപാലകര്‍ക്ക് പോലും എത്തിച്ചേരുക പ്രതിസന്ധിയാണ്. യുവാക്കള്‍ ഇവിടെ താമസിച്ചിരുന്നതിന്റെ കൃത്യമായ അടയാളങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. കൊലപാതകമുണ്ടായ സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പിനിടെയായിരുന്നു ആളുകളുടെ രോഷ പ്രകടനം. മുദ്രാവാക്യം വിളിച്ചും അസഭ്യം പറഞ്ഞും നാട്ടുകാര്‍ പ്രതികള്‍ക്കെതിരെ തിരിഞ്ഞു. കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. സ്ത്രീകള്‍ കരഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു.
പ്രതികള്‍ക്ക് തൂക്കുകയര്‍ എന്നതിന്റെ പ്രതീകമായി പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ പ്ലാസ്റ്റിക് ചരടും കരുതിയിരുന്നു. ഓരോരുത്തരെയായി ജീപ്പില്‍ നിന്നിറക്കി കനത്ത പൊലീസ് സുരക്ഷയിലാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്വേഷണസംഘം മടങ്ങിയത്. നവീനെ സ്ഥലത്തെത്തിച്ചാല്‍ സംഘര്‍ഷ സാധ്യതയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആദ്യദിവസം ഒഴിവാക്കി. പ്രതികള്‍ ആയുധം സൂക്ഷിച്ചിരുന്ന വീട്ടിലും വസ്ത്രം ഉപേക്ഷിച്ച സ്ഥലത്തുമെത്തിച്ച് തെളിവെടുത്തു. പ്രഥമ വിവര റിപ്പോർട്ടിൽ എട്ടുപേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. കൂടുതലാളുകൾ കേസിൽ പ്രതിയാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
