പാലക്കാട് ജില്ലയിലെ അധ്യാപന പരിശീലന കേന്ദ്രങ്ങളെ അക്കാദമിക മികവിന്റെ കേന്ദ്രങ്ങളാക്കും; ശില്‍പശാലയില്‍ തീരുമാനം

Share this News

പാലക്കാട് ജില്ലയിലെ അധ്യാപന പരിശീലന കേന്ദ്രങ്ങളെ അക്കാദമിക മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ ചെര്‍പ്പുളശ്ശേരി ഐഡിയല്‍ വിദ്യാഭ്യാസ ക്യാമ്പസില്‍ ചേര്‍ന്ന പ്രൈമറി അധ്യാപന പരിശീലകരുടെയും പ്രിന്‍സിപ്പാള്‍മാരുടെയും ശില്‍പശാലയില്‍ തീരുമാനം. കാലം അധ്യാപനമേഖലയില്‍ ഒട്ടേറെ വെല്ലുവിളികള്‍ മുന്നോട്ടുവെയ്ക്കുന്നു. കാലത്തിനൊപ്പം അധ്യാപന പരിശീലനവും മാറേണ്ടതുണ്ട്. ഇതിനായി പഠനോത്സവം, കാര്‍ഷികോത്സവം, കായികോത്സവം, ദൃശ്യോത്സവം മുതലായ പരിപാടികള്‍ ജില്ലയിലെ ടി.ടി.ഐകളില്‍ നടപ്പിലാക്കും. അധ്യാപന പരിശീലന കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) നടപ്പിലാക്കുന്ന പ്രോഗ്രാം ഫോര്‍ റെയ്‌സിങ് ഐ.ടി.ഇ. ഇന്‍ ദ ഡിസ്ട്രിക്ട് ആസ് സെന്റര്‍സ് ഓഫ് എക്‌സലന്‍സ്-പ്രൈഡ് (Programme for Raising ITEs in the District as centres of Excellence- PRIDE) പദ്ധതിയുടെ ഭാഗമായാണ് പരിപാടികള്‍ നടത്തുന്നത്.
ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. വി.ടി. ജയറാം ശില്‍പശാല ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ ഡോ. എം. ഷഹീദ ലി, ടി.എം. സഫീനാ ബീഗം, എം.വി. രചന, ഡോ. പി. രാമകൃഷ്ണന്‍, ഐഡിയല്‍ ഐ.ടി.ഇ. പ്രിന്‍സിപ്പാള്‍ എന്‍.ടി. റൈഹാനത്ത്, മണ്ണമ്പറ്റ ഐ.ടി.ഇ. പ്രിന്‍സിപ്പാള്‍ എസ്.വി. രാമനുണ്ണി, ജില്ലയിലെ 15 അധ്യാപന പരിശീലന കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പാള്‍മാര്‍, അധ്യാപന പരിശീലകര്‍ എന്നിവര്‍ സംബന്ധിച്ചു. ഗവേഷണാത്മക അധ്യാപനം എന്ന വിഷയത്തില്‍ ഒറ്റപ്പാലം എന്‍.എസ്.എസ്. ട്രെയ്‌നിങ് കോളെജ് അധ്യാപകന്‍ പ്രൊഫ. ഡോ. ശങ്കരനാരായന്‍ പാലേരി ക്ലാസ് നയിച്ചു.


Share this News
error: Content is protected !!